കൊല്ലം: പ്ലസ് ടു വിദ്യാർഥിയെയും അമ്മയെയും നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ. ഗുണ്ടാ നേതാവ് കൊട്ടോടി നിസാമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിസാം ഒളിവിൽ പോയത്. ഒരു മാസക്കാലം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ ഇയാൾ വീട്ടിൽ തിരിച്ചെത്തിയ വിവരം ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാവുന്നത്.
തലവരമ്പ് ജംഗ്ഷനിൽ നാട്ടുകാരിൽ ചിലരെ അസഭ്യം പറയുന്നതിനിടെ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിസാമിനൊപ്പമുണ്ടായിരുന്ന അമ്പു എന്ന വിഷ്ണുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ക്യാമറയിൽ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് നിസാമിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബറിൽ നാലുമുക്ക് സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയെ നിസാമും സംഘവും അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനം കണ്ട വിദ്യാർത്ഥിയുടെ അമ്മ അക്രമികളെ തടയാൻ ശ്രമിച്ചു. ഇതോടെ അമ്മയെയും നിസാമും സംഘവും ആക്രമിക്കുകയായിരുന്നു. നിസാമിനൊപ്പം രണ്ടു പേരുമുണ്ടായിരുന്നതായിട്ടാണ് പൊലീസ് പറയുന്നത്. കേസെടുത്ത ശേഷം അറസ്റ്റ് ഭയന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്യും.