കൊച്ചി:അമ്മ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് കവിയൂര്‍ പൊന്നമ്മ. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുമ്പോള്‍ ‘സിനിമ തന്നെ അവഗണിക്കുന്നു’ എന്നുള്ള പരാമര്‍ശം പൊതുവേ നടീനടന്മാര്‍ മുന്നോട്ടു വയ്ക്കുന്ന ഒരു പരാതിയാണ്.
എന്നാല്‍ അങ്ങനെയൊരു അവഗണനയെക്കുറിച്ച് താന്‍ ഒരിക്കലും പറയാന്‍ ആഗ്രഹിക്കുന്നില്ല എന്ന് തുറന്നു പറയുകയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ ഇപ്പോഴത്തെ യുവ തലമുറയില്‍പ്പെട്ട നായകന്മാരുടെ വരെ അമ്മ വേഷം ചെയ്തു കൊണ്ട് സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് കവിയൂര്‍ പൊന്നമ്മ.
സിനിമയില്‍ അവഗണന എന്ന ഒരു കാര്യം തന്നെയില്ല. ‘സിനിമ ഇല്ലാതായാല്‍ എന്നെ അവഗണിക്കുന്നു’ എന്ന വിലപിക്കല്‍ ശരിയല്ല. സിനിമ എന്നത് എല്ലാവര്‍ക്കും എപ്പോഴും ഉണ്ടാകുന്ന കാര്യമല്ല. സിനിമയില്‍ നിന്ന് പണം ലഭിക്കുമ്പോള്‍ അതിനനുസരിച്ച് പണം ചെലവാക്കിയാല്‍ നാളത്തേക്ക് ഉപകാരപ്പെടും.
അവഗണന എന്നൊക്കെ പറയുന്നത് സ്വയമുള്ള തോന്നലാണ്. അങ്ങനെ അവഗണിക്കാനായി ഒരു ഗ്രൂപ്പ് ഒന്നും സിനിമയില്‍ പ്രവര്‍ത്തിക്കുന്നില്ലല്ലോ. അതുകൊണ്ട് അവസരങ്ങള്‍ ഇല്ലാതാകുമ്പോള്‍ ‘മലയാള സിനിമ എന്നെ അവഗണിച്ചു’ എന്ന് പറയുന്ന വിലപിക്കലിനോട് എനിക്ക് യോജിപ്പില്ല’. കവിയൂര്‍ പൊന്നമ്മ പറയുന്നു.
മമ്മൂട്ടിയും മോഹന്‍ലാലുമായി വളരെ അടുത്ത സൗഹൃദമാണ് കവിയൂര്‍ പൊന്നമ്മ സൂക്ഷിക്കുന്നത്. മമ്മൂട്ടിയെ കുറിച്ച് കവിയൂര്‍ പൊന്നമ്മ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു.സത്യത്തില്‍ മോഹന്‍ലാലിനേക്കാള്‍ മുന്‍പ് എന്റെ മകനായി അഭിനയിച്ചത് മമ്മൂസാണ് എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.
രണ്ട് പേരും തമ്മില്‍ എനിക്ക് വ്യത്യാസമൊന്നും ഇല്ല. ഒരിക്കല്‍ പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. അന്ന് സെറ്റിലേക്ക് ഒരു വണ്ടി കൊണ്ടുവന്നു. എന്നോട് അതില്‍ കയറാന്‍ പറഞ്ഞു. എന്നിട്ട് എന്നെയും കൊണ്ട് ഒറ്റപ്പാലം മുഴുവന്‍ കറങ്ങി. മമ്മൂസിന് സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല.
പക്ഷേ, തനി ശുദ്ധനാണ് കേട്ടോ…സ്നേഹം പ്രകടിപ്പിക്കണം. നടന്‍ സത്യന്റെ വേറൊരു പതിപ്പാണ്. സ്നേഹം പ്രകടിപ്പിക്കണം എന്ന് വല്ലോം പറഞ്ഞാല്‍ നിങ്ങളൊന്ന് ചുമ്മാ ഇരി എന്നാകും മമ്മൂട്ടിയുടെ മറുപടി. ‘ഒരുപാട് അന്യഭാഷ സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. വളരെ കുറച്ചു മാത്രമേയുള്ളൂ.
ശിവാജി ഗണേശന്‍ എന്നെ തമിഴിലേക്ക് അഭിനയിക്കാന്‍ വിളിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞത് എനിക്ക് എന്റെ പ്രേംനസീര്‍ സിനിമകള്‍ മതി എന്നാണ്. നസീര്‍ സാറിന്റെയും, സത്യന്‍ മാഷിന്റെയുമൊക്കെ അമ്മയായി ഞാന്‍ അഭിനയിച്ചു. എന്നേക്കാള്‍ പ്രായമുള്ള സത്യന്‍ മാഷിന്റെയൊക്കെ അമ്മയായി അഭിനയിച്ചത് വലിയ എക്സ്പീരിയന്‍സ് ആണ് എന്നും താരം പറഞ്ഞു.
മമ്മൂട്ടിയുടെ ‘സുകൃതം’ എന്ന സിനിമയിലെ ഒരു സംഭാഷണം കാരണം നിരവധി കത്തുകളാണ് തനിക്ക് വന്നതെന്നും, അതോടെ നല്ല അമ്മ വേഷങ്ങള്‍ക്കപ്പുറം മറ്റൊന്നും ചെയ്യുന്നില്ല എന്ന് താന്‍ തീരുമാനമെടുത്തതായും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ കവിയൂര്‍ പൊന്നമ്മ പറഞ്ഞിരുന്നു തിലകനും, സുകുമാരിക്കും, കെ.പി.എ.സി ലളിതയ്ക്കുമൊക്കെ പ്രേക്ഷകര്‍ അംഗീകരിച്ചു നല്‍ല്‍കിയിട്ടുള്ള ഫ്രീഡം തനിക്ക് ഇല്ലെന്നും കവിയൂര്‍ പൊന്നമ്മ പങ്കുവയ്ക്കുന്നു
കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍
‘തിലകന്‍, സുകുമാരി, കെ.പി.എ.സി ലളിത ഇവര്‍ക്ക് പ്രേക്ഷകര്‍ അനുവദിച്ചു കൊടുത്തിരുന്ന സ്വാതന്ത്ര്യമുണ്ട്. തിലകന്‍ ചേട്ടന്‍ എന്ത് ചെയ്താലും പ്രേക്ഷകര്‍ക്ക് ഒക്കെയാണ്. ലളിത കോമഡി ചെയ്താലും സീരിയസ് ചെയ്താലും പ്രേക്ഷകര്‍ കയ്യടിക്കും.
അത് പോലെ സുകുമാരിക്കും ഏത് കഥാപാത്രം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. എം.ടി എഴുതി ഹരികുമാര്‍ സംവിധാനം ചെയ്ത ‘സുകൃതം’ എന്ന സിനിമയില്‍ ഞാന്‍ ഒരു നെഗറ്റീവ് ഡയലോഗ് പറഞ്ഞപ്പോള്‍ എന്ത് മാത്രം കത്തുകളാണ് എനിക്ക് വന്നത്. ‘ചേച്ചിയില്‍ നിന്ന് അങ്ങനെയുള്ള സംഭാഷണം പ്രതീക്ഷിക്കുന്നില്ലെന്ന്’ പറഞ്ഞു കൊണ്ട്. പ്രേക്ഷകരുടെ ഇഷ്ടം ഒരിക്കലും നഷ്ടപ്പെടരുതെന്ന് കരുതിയാണ് ഞാന്‍ എന്റെ ഇമേജ് മറികടന്ന് അഭിനയിക്കാതിരുന്നത്. സ്ഥിരം അമ്മവേഷങ്ങളില്‍ എന്നെ കാണാനാണ് പ്രേക്ഷകര്‍ക്കിഷ്ടം’.