കോട്ടയം: മോഷ്ടിച്ച ടയറുമായെത്തിയ യുവാവ് പോലീസ് ജീപ്പുകണ്ട് ഭയന്നതോടെ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു. മോഷ്ടിച്ചെടുത്ത് സ്കൂട്ടറിൽ കൊണ്ടുവന്ന ടയർ വഴിയിലൂടെ ഉരുണ്ടുപോയി. ഇതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി. സംഭവത്തിൽ ആലപ്പുഴ നെടുമുടി വിഷ്ണുനിവാസിൽ വിഷ്ണു (29)വിനെയാണ് ചിങ്ങവനം എസ്.ഐ. പി.എ. ഷെമീർഖാൻ അറസ്റ്റ് ചെയ്തത്.
കോട്ടയം പള്ളത്ത് എം.സി. റോഡിൽ ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കഥ ഇങ്ങനെ- ഏറെ നാളുകൾക്ക് മുമ്പ് എം.സി. റോഡിൽ പള്ളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. സംഭവത്തിൽ പരിക്കേറ്റ കാർ യാത്രക്കാരായ നാല് പേർ ചികിത്സയിലായി. ഇൻഷുറൻസ് ഇല്ലാതിരുന്നതിനാൽ അപകടത്തിൽപ്പെട്ട കാർ തിരിച്ചെടുത്തുകൊണ്ടുപോകാൻ ഏറെനാളുകൾ കഴിഞ്ഞിട്ടും ഉടമയെത്തിയില്ല, കാർ അനാഥമായി വഴിയോരത്തും കിടപ്പായി.
അങ്ങനെയിരിക്കെയാണ് ഏറെ ദിവസമായി ഉപേക്ഷിക്കപ്പെട്ടനിലയിൽ കിടക്കുന്ന കാർ പ്രതിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇയാളുടെ കാറിന്റെ ടയറാണെങ്കിൽ പഞ്ചറായിട്ട് മാസങ്ങൾ കഴിഞ്ഞു. വഴിയിൽ കിടക്കുന്ന കാറിന്റെ ടയർ ഊരിയെടുത്ത് തന്റെ കാറിനിടാൻ തീരുമാനിച്ച യുവാവ് ബുധനാഴ്ച പാതിരാത്രിയിൽ പള്ളത്തെത്തി കാറിന്റെ ടയറഴിച്ച് സ്കൂട്ടറിൽ കയറ്റി വീട്ടിലേക്ക് തിരിച്ചു.
ഇതിനിടെയാണ് രാത്രി പട്രോളിങ്ങിനിറങ്ങിയ ചിങ്ങവനം പോലീസിന്റെ ജീപ്പ് ഇയാൾക്കെതിരേയെത്തിയത്. ജീപ്പ്കണ്ട് ഭയന്ന യുവാവിന്റെ നിയന്ത്രണംവിട്ട് സ്കൂട്ടർ മറിഞ്ഞു, മോഷ്ടിച്ചെടുത്ത ടയറുകൾ വഴിയിലൂടെ ഉരുണ്ടുപോയി. ഇതോടെ യുവാവ് രക്ഷപ്പെടാനായി ഓടി. സംഭവംകണ്ട് പന്തികേട് തോന്നിയ പോലീസ് യുവാവിനെ ഓടിച്ചിട്ട് പിടികൂടി.
പിടിച്ചപാടെ ടയർ മോഷ്ടിച്ചെടുത്തതാണെന്ന് യുവാവ് പോലീസിനോട് കുറ്റസമ്മതം നടത്തി. തുടർന്ന് ഇയാളെ ചിങ്ങവനം പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് വാഹനങ്ങളുടെ മെക്കാനിക്കൽ ജോലിചെയ്തുവരുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം സ്വന്തം കാറിന്റെ പഞ്ചറായ ടയർ മാറ്റിയിടാനുമായില്ല. ഇതിനിടെയാണ് വഴിയിൽ കിടക്കുന്ന കാർ ശ്രദ്ധയിൽപെടുന്നതും ടയർ ഊരിയെടുക്കാൻ തീരുമാനിച്ചതുമെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
പ്രതി സ്ഥിരം മോഷ്ടാവല്ലെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.