ന്യൂഡൽഹി: പ്രീപെയ്ഡ് നിരക്കുകളിൽ വർദ്ധനവ് പ്രഖ്യാപിച്ച് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവ് റിലയൻസ് ജിയോ. കഴിഞ്ഞ ദിവസം എയർടെലും വോഡഫോൺ ഐഡിയയും നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ നടപടി. പ്രീപെയ്ഡ് താരിഫുകൾക്ക് 21 ശതമാനം വരെയാണ് വർദ്ധനവ്.ഡിസംബർ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. അടിസ്ഥാന പ്ലാാനുകൾ ആരംഭിക്കുന്നത് 91 രൂപയ്‌ക്കാണെന്ന് കമ്പനി കൂട്ടിച്ചേർത്തു.നിലവിൽ വി ഐയുടെയും എയർടെലിന്റെയും ഏറ്റവും കുറഞ്ഞ പ്ലാൻ 99 രൂപയുടേതാണ്
ടെലികോം വ്യവസായത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കുന്ന നടപടികളുടെ ഭാഗമായാണ് നിരക്കിൽ മാറ്റം വരുത്തുന്നത്. സുസ്ഥിര ടെലികോം വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധയുടെ ഭാഗമായാണ് നിരക്ക് വർദ്ധനവെന്ന് കമ്പനി വ്യക്തമാക്കി.കുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകുമെന്ന വാഗ്ദാനം തുടരുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.
75 രൂപയായിരുന്ന അടിസ്ഥാന പ്ലാൻ 16 രൂപ വർദ്ധിച്ച് 91 രൂപയായി മാറി. 129 രൂപയുടെ പ്ലാൻ 26 രൂപ വർദ്ധിച്ച് 155 രൂപയായി. 149 രൂപയുടെ പ്ലാൻ 30 രൂപ വർദ്ധിച്ച് 179 രൂപയായി. 199 രൂപയുടെ പ്ലാൻ 239 രൂപയായി 40 രൂപയാണ് വർദ്ധിച്ചത്. 249 രൂപയുടെ പ്ലാൻ 50 രൂപ വർദ്ധിച്ച് 299 രൂപയായി മാറി. 399 രൂപയുടെ പ്ലാൻ 80 രൂപ വർദ്ധിച്ച് 479 രൂപയായി. 444 രൂപയുടെ പ്ലാൻ 533 ആയി മാറി.