തൊടുപുഴ:മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. 141.4 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. ഇതടക്കം നിലവിൽ ഏഴ് ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്.
വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 4,000 ഘനയടി ജലമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത്.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ സ്പിൽവേ ഷട്ടറിൽ നിലവിൽ തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകൾക്കു പുറമേ രണ്ടു ഷട്ടറുകൾ കൂടി തുറന്നതായി ഇടുക്കി കളക്ടർ ഫേയ്സ്ബുക്കിൽ അറിയിച്ചു. എല്ലാ ഷട്ടറുകളും 30 സെന്റിമീറ്റർ വീതം ഉയർത്തി 4,000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായി തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
പെരിയാറിൽ 75 സെന്റി മീറ്റർ വരെ ജലം ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കളക്ടറുടെ മുന്നറിയിപ്പിൽ പറയുന്നു.