മുല്ലപ്പെരിയാർ ഏഴു ഷട്ടറുകൾ ഉയർത്തി, ജാഗ്രതാ നിർദ്ദേശം
ഇടുക്കി:ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar Dam ) നാല് ഷട്ടറുകൾ കൂടി തുറന്നു.ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം ഏഴായി.4000 ഘനയടിയോളം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കിവിടുന്നത്. രാവിലെ സ്പിൽവേയിലെ ഒരു ഷട്ടർ തുറന്നിരുന്നു. വൈകിട്ട് നാല് ഷട്ടറുകൾ കൂടി തുറന്നതോടെ പെരിയാർ തീരത്തുള്ളവർക്ക് അധികൃതർ ജാഗ്രത നിർദേശം നൽകി.
വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയായി ഉയർന്നിട്ടുണ്ട്. കൂടുതൽ ഷട്ടറുകൾ തുറന്നത് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാൽ ജലനിരപ്പ് താഴ്ന്നേക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അതേ സമയം ഇടുക്കിയിൽ മലയോര മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയിൽ തുടരുകയാണ്.