ചെന്നൈ:അമരത്വം കൈവരിക്കാന്‍ ഭര്‍ത്താവിനെ ജീവനോടെ കുഴിച്ചുമൂടിയ ഭാര്യ പൊലീസ് കസ്റ്റഡിയില്‍.
ചെന്നൈ പെരുമ്പാക്കം കലൈഞ്ജര്‍ കരുണാനിധി നഗര്‍ സ്വദേശി നാഗരാജ് (59) ആണ് മരിച്ചത്. ഇദ്ദേഹത്തിെന്റ ഭാര്യ ലക്ഷ്മിയാണ് (55) ഭര്‍ത്താവിെന അഭ്യര്‍ഥന മാനിച്ച് കൃത്യം നടത്തിയതെന്ന് പറയുന്നു. നിലവില്‍ ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായതിനുശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളും.
തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലൂടെ ആത്മീയയാത്ര നടത്തിയിരുന്ന നാഗരാജ് പിന്നീട് ആള്‍ദൈവമായി സ്വയം പ്രഖ്യാപിച്ച് വീട്ടുമുറ്റത്ത് കോവില്‍ നിര്‍മിച്ച് പൂജാകര്‍മങ്ങള്‍ നടത്തിയിരുന്നു. ദൈവങ്ങളോട് സംസാരിക്കാറുണ്ടെന്ന് അവകാശപ്പെട്ടിരുന്ന നാഗരാജ് പ്രദേശത്ത് സിദ്ധനായാണ് അറിയപ്പെട്ടിരുന്നത്.
നവംബര്‍ 16ന് നാഗരാജിന് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ മരിക്കാന്‍ പോവുകയാണെന്നും അമരത്വം നേടാന്‍ ജീവനോടെ കുഴിച്ചുമൂടണമെന്നും ഭാര്യയോടു നിര്‍ദേശിച്ചു. ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്കി. തുടര്‍ന്ന് ജലസംഭരണിക്കുവേണ്ടിയാണെന്ന് പറഞ്ഞ് രണ്ട് തൊഴിലാളികളെ വിളിച്ചുവരുത്തി കുഴി നിര്‍മിച്ചു. 17ന് അബോധാവസ്ഥയിലായ നാഗരാജിനെ ലക്ഷ്മി കുഴിയില്‍ കുഴിച്ചിടുകയായിരുന്നു.
ചെന്നൈയില്‍ ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മകള്‍ തമിഴരശി വെള്ളിയാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അച്ഛനെ കാണാതായ വിവരം അറിയുന്നത്. തമിഴരശിയുടെ ചോദ്യങ്ങള്‍ക്ക് ലക്ഷ്മി ഒഴിഞ്ഞുമാറി. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് അമ്മ സത്യം വെളിപ്പെടുത്തിയത്.