പാർക്കിൽ ഒറ്റയ്ക്കു കണ്ട രാഹുലിന്റെ അമ്മയെ കണ്ടെത്തി, അസം സ്വദേശിനി സുഹൃത്തിനൊപ്പം ജീവിക്കാൻ ഉപേക്ഷിച്ചെന്ന് മൊഴി
കൊച്ചി:ഒടുവിൽ രാഹുലിന്റെ അമ്മയെ കണ്ടെത്തി. ഫോർട്ട്കൊച്ചിയിൽ വെള്ളിയാഴ്ച നാല് വയസ്സുകാരൻ രാഹുലിനെ ഉപേക്ഷിച്ചുപോയത് അസം സ്വദേശിനിയായ അമ്മ പ്രിയങ്ക ബോറയാണെന്ന് വ്യക്തമായി. 21 വയസ്സുകാരിയായ ഇവർ സുഹൃത്തിനൊപ്പം ജീവിക്കാനാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്.
മൂവാറ്റുപുഴയിൽ ഒരു ഭക്ഷ്യസംസ്കരണ കേന്ദ്രത്തിലാണ് പ്രിയങ്ക ജോലി ചെയ്യുന്നത്. സുഹൃത്ത് രൂപ് ജ്യോതിയും ഒപ്പമുണ്ട്. കുട്ടിയെ നാട്ടിലേക്ക് അയയ്ക്കാനെന്നു പറഞ്ഞ് സ്ഥാപന ഉടമയിൽനിന്ന് 3000 രൂപ കടം വാങ്ങിയാണ് ഇവർ കുഞ്ഞുമായി ഫോർട്ട്കൊച്ചിയിൽ പോയത്. അവിടെ പാർക്കിൽ കുട്ടിയെ ഉപേക്ഷിച്ച ശേഷം ഇവർ മൂവാറ്റുപുഴയിലേക്ക് മടങ്ങി. കുട്ടിയെ പരിചയക്കാരനൊപ്പം നാട്ടിലേക്ക് അയച്ചുവെന്നാണ് ഇവർ പറഞ്ഞത്.
കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാർത്ത കണ്ടപ്പോൾ സ്ഥാപനമുടമയ്ക്ക് സംശയമായി. തുടർന്ന് സ്ത്രീയെയും സുഹൃത്തിനെയും കൂട്ടി ഇയാൾ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തി. കോവിഡ് വാക്സിൻ എടുക്കാനെന്നു പറഞ്ഞാണ് ഇവരെ കൊണ്ടുപോയത്. മൂവാറ്റുപുഴ സ്റ്റേഷനിൽനിന്ന് നിർദേശിച്ചതനുസരിച്ച് സ്ഥാപന ഉടമ ഇവരെ ഫോർട്ട്കൊച്ചി സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
പോലീസ് ചോദ്യം ചെയ്തപ്പോൾ പ്രിയങ്ക കാര്യങ്ങൾ വെളിപ്പെടുത്തി. കുട്ടിയുടെ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനെ തുടർന്ന് താൻ കുട്ടിയുമായി സുഹൃത്തിനൊപ്പം നാടുവിടുകയായിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്. പലയിടത്തായി ജോലി ചെയ്തു. ഒടുവിൽ മൂവാറ്റുപുഴയിലെത്തി.
കുട്ടിയോട് ക്രൂരത കാട്ടിയതിന് അമ്മയ്ക്കെതിരേയും പ്രേരണാ കുറ്റത്തിന് രൂപ് ജ്യോതിക്കെതിരേയും ഫോർട്ട്കൊച്ചി പോലീസ് കേസെടുത്തു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. കുട്ടിയെ തിരികെ വേണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണർ വി.ജി. രവീന്ദ്രനാഥ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ഫോർട്ട്കൊച്ചിയിലെ പാർക്കിൽ കണ്ടെത്തിയത്. ഒറ്റയ്ക്കിരിക്കുകയായിരുന്ന കുട്ടിയെ സംശയം തോന്നി നാട്ടുകാരിൽ ചിലർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പോലീസ് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.