തിരുവനന്തപുരം: സംസ്ഥാനത്ത് അരുമ മൃഗങ്ങളേയും പക്ഷികളേയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനു ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി. ഇതു സംബന്ധിച്ച കേന്ദ്ര നിയമം കര്‍ശനമായി നടപ്പാക്കും. പെറ്റ്‌സ് ഷോപ്പ്, ഡോഗ് ബ്രീഡിംഗ് സ്ഥാപന ഉടമസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ജില്ലാതലത്തില്‍ ബോധവത്കരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി എല്ലാ ജില്ലകളിലും സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. ഹൈക്കോടതി വിധിയനുസരിച്ച് തെരുവു നായ്ക്കളെ സംരക്ഷിക്കുന്നതിനായി അനിമല്‍ ഷെല്‍ട്ടര്‍, അനിമല്‍ അഡോപ്ഷന്‍, ഫീഡിംഗ് പോയിന്റ് എന്നിവ നടപ്പാക്കുന്നതിനും വകുപ്പിനോടു ശിപാര്‍ശ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫ്ളാറ്റുകളിലും അപ്പാര്‍ട്ട്മെന്റുകളിലും ഓമന മൃഗങ്ങളെ വളര്‍ത്തുന്നതിനു കോടതി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ സ്റ്റേറ്റ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പരിശോധിക്കും. പൊതുജനങ്ങള്‍ക്ക് ബോര്‍ഡിന്റെ [email protected] എന്ന ഇമെയിലില്‍ പരാതികള്‍ അറിയിക്കാം. കോള്‍ സെന്ററും തുറക്കും. സ്റ്റേറ്റ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ഓഫിസ് സംവിധാനത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റില്‍ പ്രത്യേകമായി സെക്ഷന്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.