തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് മരവിപ്പിച്ചെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചതായും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടേത് അസാധാരണ നടപടിയാണ്. തന്നോടോ മുഖ്യമന്ത്രിയോടെ ചര്‍ച്ച ചെയ്യാതെ ഇത്തരം നിര്‍ണായക തീരുമാനമെടുക്കാന്‍ പാടില്ലായിരുന്നു.
ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുന്‍പുതന്നെ മരംമുറി ഉത്തരവ് മരവിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിനു മുകളിലാണ് ഉദ്യോഗസ്ഥരെന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയും കാര്യങ്ങള്‍ അന്വേഷിച്ചു. ഉത്തരവ് നിലനില്‍ക്കുന്നത് പ്രശ്‌നമായതിനാലാണ് ഉടനെ മരവിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടിയെടുക്കണമെന്ന് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം പരിശോധിക്കും. വിഷയത്തില്‍ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടാനാണ് കേരളം അനുമതി നല്‍കിയതെന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നത്.
മരങ്ങള്‍ വെട്ടിനീക്കാന്‍ കേരളം തമിഴ്നാടിന് അനുമതി നല്‍കിയത് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയാതെയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ബെന്നിച്ചന്‍ തോമസ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.തമിഴ്നാടിന്റെ ഈ ആവശ്യം അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കത്ത് അയക്കുകയും ചെയ്തിരുന്നു. കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ ഈ തീരുമാനം സഹായിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ വെട്ടിനീക്കാന്‍ അനുമതി നല്‍കിയ വിവാദത്തില്‍ സര്‍ക്കാരിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടുള്ള നാടകമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.കേരളത്തിലെ ജനങ്ങളെ മറന്നുള്ള നടപടിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ബേബി ഡാമിന് സമീപത്തെ മരം മുറി വിഷയത്തില്‍ വനം മന്ത്രി പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.