മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് കൃഷ്ണകുമാര്‍. അദ്ദേഹത്തിന്റെ ഭാര്യ സിന്ധുവും നാല് പെണ്‍ക്കളും മലയാളികള്‍ക്ക് സുപരിചിതരാണ്. കുടുംബത്തില്‍ എല്ലാവര്‍ക്കും യൂട്യൂബ് ചാനലുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഇവര്‍ പുതിയ വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഭാര്യയുടെ 50-ാം പിറന്നാളിനോട് അനുബന്ധിച്ച് കൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
കൃഷ്ണകുമാറിന്റെ കുറിപ്പ് ഇങ്ങനെ
‘സ്ത്രീ’യിലെ ഐശ്വര്യത്തിന് ഇന്ന് 50… സിന്ധുവും ഞാനും തമ്മില്‍ കാണാന്‍ തുടങ്ങിയത് 93 ല്‍ എപ്പോഴൊ ആണ്. ആദ്യ സിനിമയായ കാഷ്മീരം റിലീസിന് മുന്‍പ് സുഹൃത്തും സഹോദര തുല്യനുമായ അപ്പ ഹാജയുടെ ‘കിങ് ഷൂസ്’, അവിടെ വെച്ചാണ് ആദ്യമായി ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്നതു. പിന്നെ അത് പരിചയത്തിലേക്കും അടുപ്പത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും..
അന്ന് സിന്ധു സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെയും ഞാന്‍ അത്ര സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരു കുടുംബത്തിലെ അംഗവും.. ജാതിയും വ്യത്യസ്തം.. പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം. ഇതെല്ലാം മറികടന്നു ജീവിതം ആരംഭിച്ചു. ചങ്കൂറ്റം എന്ന അദൃശ്യ ശക്തി ആവോളം തന്നു ദൈവം ഞങ്ങളെ മുന്നോട്ട് നയിച്ചു.. എല്ലാ രണ്ടര വര്‍ഷത്തിലും ഓരോ നക്ഷത്രങ്ങള്‍ക്ക് സിന്ധു ജന്മം നല്‍കി.. ആഹാന, ദിയ, ഇഷാനി…എല്ലാവരും വാടക വീട്ടില്‍ ജനിച്ചവര്‍. ഒടുവില്‍ സ്വന്തം വീടായ ‘സ്ത്രീയി’ലും ഒരു താരം പിറന്നു.. സുന്ദരിയായ ഹാന്‍സിക..
എല്ലാ അമ്മ മാരെയും പോലെ സിന്ധുവിനും മക്കളെ വളര്‍ത്താന്‍ വലിയ ഇഷ്ടമാണ്. സ്‌കൂള്‍, ട്യൂഷന്‍, ഡാന്‍സ് ക്ലാസ്സ് എല്ലായിടത്തും കൂടെ കാണും. സ്ത്രീകള്‍ ആണ് നല്ല മാനേജര്‍സ്.. അതേ അവര്‍ ആണുങ്ങളെക്കാള്‍ കാര്യങ്ങള്‍ നന്നായി മാനേജ് ചെയ്യുമെന്നാണ് എന്റെ വിശ്വാസം… അനുഭവം.. ഞാന്‍ എത്ര വരുമാനം ഉണ്ടാക്കിയാലും ഇല്ലെങ്കിലും എങ്ങനെയെങ്കിലും വീട് നടത്തി കൊണ്ടുപോകാന്‍ ഒരു പ്രത്യേക കഴിവ് സിന്ധുവിനുണ്ട്.. ഇതൊക്കെ പറയുമ്പോള്‍ തോന്നും ഞങ്ങള്‍ക്കിടയില്‍ സ്നേഹം മാത്രമേ ഉള്ളു എന്ന്. അല്ല.. ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും നല്ല വഴക്കും ഉണ്ടാകാറുണ്ട്..
വലിയ പ്രശ്നങ്ങള്‍ ഒക്കെ നിസ്സാരമായി പരിഹരിക്കും, എന്നാല്‍ നിസ്സാര കാര്യങ്ങളില്‍ കേറി പിടിച്ചാണ് വഴക്കുണ്ടാവുന്നത്.. പക്ഷെ ഒന്നോര്‍ത്താല്‍ ഇതെല്ലാം കൂടിചേരുന്നതിനെയാണല്ലോ ജീവിതം എന്ന് പറയുന്നതു.. 94 ലില്‍ കല്യാണം കഴിക്കുമ്പോള്‍ സിന്ധുവിനു 22 കഴിഞ്ഞു.. എനിക്ക് 26..വിവാഹ ജീവിതം 27ഴാം വര്‍ഷത്തിലേക്കു കടക്കുന്നു. മാതാപിതാക്കളുടെ കൂടെ കഴിഞ്ഞതിനേക്കാള്‍ കാലം ഭര്‍ത്താവിന്റെയും കുട്ടികളുടേയും കൂടെ.
2021ല്‍ നിന്നും പുറകോട്ടു നോക്കുമ്പോള്‍ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ നേട്ടങ്ങളും, ഉയര്‍ച്ചകളും, സന്തോഷവും ആണ് കാണുന്നത്. ഈ വിജയത്തിന്റെ ഒക്കെ പിന്നില്‍ ഒരു വ്യക്തിയുണ്ട്, കുടുംബത്തിന്റെ അച്ചുതണ്ട് എന്ന് പറയുന്നതാവും ശെരി, കാരണം എല്ലാവരും എല്ലാ കാര്യങ്ങള്‍ക്കും സിന്ധുവിനെ ആണ് ആശ്രയിക്കുന്നത്. സിന്ധു ഇന്ന് ഈ സുന്ദര ലോകത്തില്‍ വന്നിട്ട് 50 വര്‍ഷം.. സിന്ധുവിന്റെ മാതാപിതാക്കള്‍ സന്തുഷ്ടരാണ്, കൂടെപഠിച്ചവര്‍, സ്നേഹിതര്‍, മക്കള്‍ എല്ലാവരും സിന്ധുവിനാല്‍ സന്തുഷ്ടരാണ്. ഞാനും.. തുടര്‍ന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ‘സ്ത്രീ’യിലെ ഐശ്വര്യമായ സിന്ധുവിനു അന്‍പതാം പിറന്നാള്‍ ആശംസകള്‍ നേരുന്നു.