കുമളി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് റവന്യു മന്ത്രി കെ രാജന്. ഡാമിന്റെ പഴക്കവും സംഭരണ ശേഷിക്കുറവും തമിഴ്നാട് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്ന് റവന്യു മന്ത്രി അറിയിച്ചു. തമിഴ്നാടിന്റെ ഭാഗത്ത് നിന്നും പോസിറ്റിവായ സമീപനമാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൂടാതെ, മുല്ലപ്പെരിയാര്‍ തീരങ്ങള്‍ സുരക്ഷിതമാണ്. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഇന്നലെ മുതല്‍ കൂടുതല്‍ ജലം തുറന്ന് വിടുന്നുണ്ട്. നിലവില്‍ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും കെ രാജന് വ്യക്തമാക്കി.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇന്‍ഫ്ലോ കുറയുന്നില്ലെന്നും കൂടുതല്‍ വെള്ളം തമിഴ്നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂള്‍ കര്‍വിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാര്‍ തീരത്ത് വലിയ പ്രശ്നം ഉണ്ടാകില്ല. പെരിയാര്‍ തീരത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. കൂടുതല്‍ വെള്ളം മുല്ലപ്പെരിയാര്‍ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം. സൗഹാര്‍ദ്ദ പരമായ സമീപനം ആണ് തമിഴ്നാടിനുള്ളത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ സമീപനം പോസിറ്റീവ് ആയി കാണുന്നു. ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് താഴ്ത്താന്‍ കഴിയാത്തത് തമിഴ് നാടിന്റെ വീഴ്ച്ചയായി കാണണമെന്നും റോഷി അഗസ്റ്റിന് അഭിപ്രായപ്പെട്ടു.
അതേസമയം ഇടുക്കി ഡാമില്‍ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. 2398.26 അടിയാണ് നിലവിലെ ജലനിരപ്പ്. നീരൊഴുക്ക് കുറഞ്ഞതാണ് അണക്കെട്ടില്‍ ജലനിരപ്പ് താഴാന്‍ കാരണം. ഇന്നലെ 2398.30 അടിയായിരുന്നു ജലനിരപ്പ്. പെരിയാറില്‍ ജലനിരപ്പ് ഒന്നര അടിയോളം ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി ഡാം വരെയുള്ള പ്രദേശത്താണ് ജലനിരപ്പുയര്‍ന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍ വേ ഷട്ടറുകള്‍ ഇന്നലെ തുറന്നതോടെ ഇടുക്കി ഡാമില്‍ നേരിയ തോതില്‍ ജലനിരപ്പുയരുകയും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാറിലെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. രാത്രിയോടെ മൂന്നാമത്തെ ഷട്ടറും 30 സെ മീ ഉയര്‍ത്തി. 5,3,4 ഷട്ടറുകളാണ് തുറന്നത്.