തിരുവനന്തപുരം: മാതാപിതാക്കളുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അനുപമയ്ക്കും അജിത്തിനും എതിരെ അജിത്തിന്റെ ആദ്യഭാര്യ നസിയ. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയതെന്ന് നസിയ മാധ്യമങ്ങളോട് പറഞ്ഞു. നിര്‍ബന്ധമായാണ് ഡിവോഴ്സ് ചെയ്യിപ്പിച്ചത്. ഒരുകാരണവശാലും ഡിവോഴ്സ് നല്‍കില്ല എന്ന് താന്‍ പറഞ്ഞതിന് ശേഷമാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് നല്‍കാന്‍ അനുപമ തയ്യാറായത്.
അബോധാവസ്ഥയില്‍ അനുമതി എഴുതിവാങ്ങി എന്നത് തെറ്റാണ്. ആ സമയത്ത് അനുപമയ്ക്ക് ബോധമുണ്ടായിരുന്നു. താന്‍ പോയി കണ്ടതാണ്’-നസിയ പറഞ്ഞു. അതേസമയം, ആരോപണം നിഷേധിച്ച് അനുപമ രംഗത്തുവന്നു. ‘തന്നില്‍ നിന്ന് സമ്മതപത്രം എഴുതിവാങ്ങിയ സമയത്ത് അജിത്തിന്റെ ആദ്യ ഭാര്യ അവിടെ ഉണ്ടായിരുന്നില്ല. അജിത്തിന്റെ മുന്‍ ഭാര്യയുടെ കാര്യമല്ല, കുഞ്ഞിന്റെ വിഷയമാണ് ഉയര്‍ത്തുന്നത്. വിഷയത്തില്‍ നിന്ന് മാറ്റാനാണ് നസിയയെ ഇതിലേക്ക് വലിച്ചിടുന്നത്. അജിത്തിന് ഡിവോഴ്സ് കൊടുക്കരുതെന്ന് തന്റെ മാതാപിതാക്കള്‍ പലപ്പോഴും നസിയയോട് പറഞ്ഞിരുന്നു.’അനുപമ പറഞ്ഞു.
കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അനുപമ എസ് ചന്ദ്രന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തുകയാണ്. പെറ്റമ്മയെന്ന നിലയില്‍ നീതി നല്‍കേണ്ടവര്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടുനിന്നതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് അനുപമ പറഞ്ഞു.
അതേസമയം, കുഞ്ഞിനെ വിട്ടുകിട്ടാനായുള്ള അനുപമയുടെ സമരത്തിന് പൂര്‍ണ പിന്തുണയെന്ന് സിപിഎം. അനുപമയ്ക്ക് ആവശ്യമായ നിയമസഹായം നല്‍കും. പ്രശ്‌നം പാര്‍ട്ടിക്ക് പരിഹരിക്കാനാവില്ല. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തേണ്ടതില്ല. ഒരു തെറ്റിനെയും സിപിഎം പിന്താങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സഹായിക്കേണ്ട സമയത്ത് പാര്‍ട്ടിയില്‍ ആരും സഹായിച്ചില്ലെന്ന് അനുപമ പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിക്ക് എത്രമാത്രം സഹായിക്കാന്‍ കഴിയുമെന്ന് അറിയില്ല. എ വിജയരാഘവന് പരാതി നല്‍കിയിരുന്നു. നേരില്‍ കണ്ടും പരാതി ബോധിപ്പിച്ചു. ഒരു നടപടിയും ഉണ്ടായില്ലെന്നും അനുപമ പറഞ്ഞു.
സ്വന്തം കുഞ്ഞിനെ വീണ്ടുകിട്ടണമെന്ന അനുപമയുടെ പരാതി പരിഹരിക്കാന്‍ കഴിയാത്തതില്‍ തനിക്കു കുറ്റബോധമുണ്ടെന്ന് മുന്‍ മന്ത്രി പി കെ ശ്രീമതി പറഞ്ഞു. അനുപമയുടെ പരാതി അറിഞ്ഞത് വൃന്ദ കാരാട്ടിലൂടെയാണ്. വീണ്ടും പരാതി നല്‍കണമെന്ന് അനുപമയോടു പറഞ്ഞു. കോടിയേരി ബാലകൃഷ്ണനെ സമീപിക്കാനും നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിരുന്നു. അനുപമയ്ക്ക് ഒപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്നും പി കെ ശ്രീമതി വ്യക്തമാക്കി.