നടുറോഡില്‍ ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം; സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു

പാലക്കാട്: പാലക്കാട് ടൗണില്‍ ബൈക്കില്‍ യുവാവിന്റെ അഭ്യാസപ്രകടനം. അമിതവേഗത്തില്‍ സ്വകാര്യബസിനെ മറികടന്ന് പാഞ്ഞ ബൈക്ക് യാത്രക്കാരന്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു. അപകട ശേഷം ഇയാള്‍ വാഹനം അതിവേഗത്തില്‍ ഓടിച്ചു പോയി. നടുറോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രികയെ വഴിയാത്രക്കാര്‍ എത്തി സുരക്ഷിതമായി മാറ്റി. യാത്രികയ്ക്ക് കാര്യമായി പരിക്കേറ്റില്ല.

സംഭവം ഇങ്ങനെ;

അതിവേഗം സിഗ്‌നലുളള ജംഗ്ഷനിലേക്ക് എത്തിയതും മുന്നില്‍ സിഗ്നല്‍ കണ്ടു. തിരക്ക് ഒഴിവാക്കി സിഗ്നല്‍ മറികടക്കാന്‍ ഇടത്തേക്ക് വെട്ടിച്ച യുവാവ് അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രികയെ തട്ടിയിട്ട് നിര്‍ത്താതെ പാഞ്ഞു. ഇന്‍ഡിക്കേറ്റര്‍ പോലും ഇടാതെ പെട്ടന്ന് യുവാവ് തിരിയുകയാണ് ഉണ്ടായത്. പിന്നിലൂടെ വന്ന കാറിന്റെ ഡാഷ് ക്യാമറയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

അതേസമയം അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച യുവാനിനെതിരെ കേസ് എടുത്തു. പാലക്കാട് പരുത്തിപ്പുള്ളി സ്വദേശി ആദര്‍ശിനെതിരെയാണ് കേസ്. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് എം.വി.ഡി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News