ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില റോക്കറ്റുപോലെ മുകളിലേക്കു കുതിക്കുമ്പോഴും കൈയും കെട്ടി കേന്ദ്രസര്‍ക്കാര്‍. യാതൊരുവിധ ആശ്വാസ നടപടികളും സ്വീകരിക്കാനുള്ള താത്പര്യം കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നില്ല. മാത്രമല്ല വില വര്‍ധിക്കുന്നതിന്റെ പേരില്‍ കൂട്ടിനിര്‍ത്തിയിരിക്കുന്ന നികുതി കുറയ്ക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും പെട്രോളിയം മന്ത്രാലയം സൂചന നല്‍കി.
ഇന്ധന നികുതി കുറച്ചതുകൊണ്ട് പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇന്ധനവില വര്‍ധിക്കാന്‍ കാരണം എണ്ണ ഉത്പാദകരായ ഒപെക് പ്ലസ് രാജങ്ങള്‍ ഉത്പാദനം കൂട്ടാത്തതും ക്രൂഡോയില്‍ വിലക്കയറ്റവുമാണ് വില വര്‍ധിക്കാന്‍ കാരണം. വൈകാതെ ഈ സ്ഥിതി മാറുന്‌പോള്‍ ഇന്ധനവില താഴുമെന്നുമാണ് കേന്ദ്രം പറയുന്നത്. അതുവരെ കാത്തിരിക്കുക എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്.
രാജ്യത്തെ ഇന്ധനവില അതിവേഗം 120 രൂപയിലേക്കു നീങ്ങുകയാണ്. രാജസ്ഥാനിലെ ശ്രീഗംഗാ നഗറില്‍ ഇന്നലെ പെട്രോള്‍ വില 39 പൈസകൂടി വര്‍ധിച്ച്119.73 രൂപയായി. ഡീസല്‍ വില 40 പൈസ കൂടി 110.62 രൂപയും ആയി. ഇന്ത്യയില്‍ ഇന്ധനവില ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലമാണ് ശ്രീഗംഗാ നഗര്‍. കേരളത്തില്‍ വില നൂറ്റിപ്പത്തിലേക്കാണ് കുതിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 109 കടന്നു. ഇന്നലെ 35 പൈസ കൂടി 109.14 ആയി. ഡീസലിന് 102.77. ഈ മാസം ഇതുവരെ മാത്രം പെട്രോളിന് 5.26 രൂപയും ഡീസലിന് 6.06 രൂപയും കൂടി.
അതേസമയം, അന്താരാഷ്ട്ര തലത്തില്‍ ഇന്ധനവില കൂടുന്നതുകൊണ്ടാണ് ഇവിടെയും കൂടുന്നതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം ജനവഞ്ചനയാണെന്ന ആരോപണമാണ് പ്രതിപക്ഷം അടക്കം ഉയര്‍ത്തുന്നത്. കാരണം അന്താരാഷ്ട്ര വിലയില്‍ വന്‍ ഇടിവ് ഉണ്ടായപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കാതെ നികുതി കൂട്ടിക്കൊണ്ടിരുന്ന കേന്ദ്രസര്‍ക്കാര്‍ എന്നാല്‍ വില വര്‍ധനയുണ്ടായപ്പോള്‍ കൂട്ടിയ നികുതി കുറയ്ക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.