മുംബൈ: മയക്കുമരുന്ന് കേസില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ എത്തി. വ്യാഴാഴ്ച രാവിലെയാണ് ഷാരൂഖ് ജയിലിലെത്തിയത്. ഏതാനും മിനിറ്റുകള്‍ മാത്രമായിരുന്നു സന്ദര്‍ശനം. ഉടന്‍തന്നെ അദ്ദേഹം ഇവിടെനിന്നും മടങ്ങുകയും ചെയ്തു.
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ കഴിഞ്ഞ മൂന്നാഴ്ചയായി മുംബൈ ആര്‍തര്‍ റോഡ് ജയില്‍ വിചാരണ തടവുകാരനായി കഴിയുകയാണ്. ഇതിനിടെ, ലഹരിമരുന്ന് കേസുകള്‍ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേകകോടതി ആര്യന് ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അര്യന്‍െര്‍ അഭിഭാഷകര്‍.
ആര്യന്‍ ഖാന്റെ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, ഫാഷന്‍ മോഡല്‍ മുണ്‍ മുണ്‍ ധമാച്ചേ എന്നിവരുടെ ജാമ്യാപേക്ഷയും വിചാരണക്കോടതി നിരാകരിച്ചിരുന്നു. നിരോധിത ലഹരിമരുന്നുകളുമായി കഴിഞ്ഞ മൂന്നിനാണു നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പ്രതികളെ അറസ്റ്റ്‌ചെയ്തത്. ആര്യന്റെ അറസ്റ്റിന് പിന്നാലെ ഷാരൂഖ് മന്നത്തില്‍നിന്ന് പുറത്തിറങ്ങിയിരുന്നില്ല.
അതേസമയം ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉന്നത സ്വാധീനമുള്ള ആര്യന്‍ ഖാന് ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ്, എന്‍ഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വിവി പാട്ടീല്‍ ജാമ്യപേക്ഷ തള്ളിയത്. ആര്യന് ലഹരി കടത്ത് സംഘവുമായി നിരന്തര ബന്ധം ഉണ്ടെന്നും വന്‍ തോതില്‍ മയക്കു മരുന്നു ഇടപാട് നടന്നിട്ടുണ്ടെന്നും കാണിച്ച് എന്‍സിബി സമര്‍പ്പിച്ച വാട്സ്ആപ്പ് തെളിവുകള്‍ കോടതി പൂര്‍ണ്ണമായും അംഗീകരിച്ചു.
ജാമ്യപേക്ഷ കോടതി തള്ളിയതോടെ കടുത്ത നിരാശയിലാണ് ആര്യനെന്നും വിധി വന്ന ശേഷം ആരുമായും സംസാരിച്ചിട്ടില്ല എന്നുമാണ് ആര്‍തര്‍ ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഭിഭാഷകര്‍. കഴിഞ്ഞ ഓഗസ്റ്റില്‍, മയക്കുമരുന്ന് കേസില്‍ പ്രതികളുടെ പ്രായം കൂടി പരിഗണിച്ച് തിരുത്താന്‍ അവസരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.