സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,640 രൂപയായി. 15 രൂപ ഉയര്‍ന്ന് 4455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 35,840 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 34,720 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില പടിപടിയായി ഉയരുന്നതാണ് കണ്ടത്. വെള്ളിയാഴ്ച ഈ മാസത്തെ ഉയരത്തില്‍ എത്തിയ സ്വര്‍ണവില ശനിയാഴ്ച 480 രൂപയാണ് ഇടിഞ്ഞത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

സ്വര്‍ണവില ഇനിയും കുതിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഗോള വിപണിയിലെ ചലനങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. പണപ്പെരുപ്പനിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുന്നത് വില ഉയരാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News