ചെറുതോണി: ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലില്‍ എത്തിയ ഇടുക്കി – ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. രാവിലെ 10.55ന് സൈറണ്‍ മുഴങ്ങും. തുടര്‍ന്ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കുക. ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് ആര്‍.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യം മൂന്നാമത്തെ ഷട്ടര്‍ തുറക്കും.
ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെമീ. ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം (100 ക്യുമെക്‌സ് ജലം) പുറത്തേക്ക് ഒഴുക്കിവിടുക. ചൊവ്വാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2398.4 അടിയാണ്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധിയിലെത്തുന്നതിനു മുന്‍പ് തുറന്നുവിട്ട് ജലവിതാനം ക്രമീകരിക്കാനാണ് നേരത്തേതന്നെ തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു.
ജലനിരപ്പ് 2396.86 അടി പിന്നിട്ടതോടെ തിങ്കളാഴ്ച രാവിലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അണക്കെട്ടിലേക്ക് വരുംദിവസങ്ങളില്‍ കൂടുതല്‍ ജലം ഒഴുകിയെത്തുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ അളവില്‍ വെള്ളം ഒഴുക്കിവിടാനാണു തീരുമാനം. ഇടുക്കി പദ്ധതി കമ്മീഷന്‍ ചെയ്തതിനു ശേഷം ഇതുവരെ ആറുതവണ അണക്കെട്ട് തുറന്നിട്ടുണ്ട്. 1981 ഒക്ടോബര്‍ 29നും 1992 ഒക്ടോബര്‍ 12നും അഞ്ച് ഷട്ടറുകളും തുറന്നു. ഇതേ വര്‍ഷങ്ങളില്‍ മഴ ശക്തമായതോടെ നവംബറില്‍ വീണ്ടും അണക്കെട്ട് തുറന്നു.
2018 ഓഗസ്റ്റ് ഒന്പത്, ഒക്ടോബര്‍ ആറ് എന്നീ ദിവസങ്ങളിലും തുറന്നു. 2018-ല്‍ ഓഗസ്റ്റ് ഒന്പതിന് ഉച്ചയ്ക്ക് 12നു ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ 25 സെന്റിമീറ്ററാണ് ആദ്യം ഉയര്‍ത്തിയത്. പിന്നീട് 15-ഓടെ അഞ്ചുഷട്ടറുകളും ഉയര്‍ത്തി. ജലനിരപ്പ് 2391 അടിയിലും താഴെ എത്തിയതോടെ സെപ്റ്റംബര്‍ ഏഴിന് ഉച്ചയോടെയാണ് 29 ദിവസത്തിനുശേഷം ഷട്ടറുകള്‍ പൂര്‍ണമായും അടച്ചത്.