മുംബൈ:എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് ലൈംഗിക വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക വിവേചനത്തില്‍ സോഷ്യല്‍ മീഡിയയിലും അതിന് പുറത്തും ധാരാളം പ്രതിഷേധങ്ങളും, ലിംഗ സമത്വത്തിനായി ക്യാമ്പയ്‌നുകളും നടക്കാറുമുണ്ട്.
ഇപ്പോഴിതാ അതിൽ നിന്ന് വ്യത്യസ്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്‌ഡിറ്റിൽ പുരുഷന്മാരും ലൈംഗിക വിവേചനം നേരിടുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് പുരുഷന്മാരോട് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി ഒട്ടേറെ പുരുഷന്മാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.
റെഡ്ഡിറ്റിലെ പുരുഷന്മാരേ, നിങ്ങള്‍ എപ്പോഴാണ് ലൈംഗിക വിവേചനം അഭിമുഖീകരിച്ചിട്ടുള്ളത്?” എന്ന ചോദ്യത്തിന് പാര്‍ക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലത്തുമൊക്കെയായി തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ ചില പുരുഷന്മാര്‍ വിവരിക്കുന്നു.
”ഒരു പുരുഷനാകൂ.. പാര്‍ക്കിലേക്ക് പോകൂ, നിങ്ങളുടെ കുട്ടിയെ അവിടെ കളിക്കാന്‍ അനുവദിക്കൂ.. നിങ്ങളുടെ കുട്ടി മറ്റ് കുട്ടികളുമൊപ്പം കളിക്കുന്നതും നോക്കി ഒരു ബെഞ്ചില്‍ ഇരിക്കുമ്പോള്‍ അവിടെയുള്ള അമ്മമാര്‍ നിങ്ങളെ പരുന്തിനെപ്പോലെ തുറിച്ചുനോക്കും. കാരണം ഒരു പുരുഷൻ സ്വന്തം കുട്ടി കളിക്കുന്നത് നോക്കിനിൽക്കാൻ പാടില്ല”, എന്നാണ് ആക്ഷേപഹാസ്യത്തിന്റെ ധ്വനിയിൽ ഒരു റെഡ്‌ഡിറ്റ് ഉപയോക്താവ് കുറിച്ചത്.
“‘പുരുഷന്മാര്‍ നഴ്‌സുമാരാകാറില്ല’ എന്നും അതിനാൽ എനിക്ക് പ്രവേശനം നൽകാൻ കഴിയില്ലെന്നും സ്‌കൂള്‍ ഓഫ് നേഴ്‌സിങ്ങിലെ അഡ്മിഷന്‍ ഡയറക്ടര്‍ എന്നോട് പറഞ്ഞു”, തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവം ഒരു ഉപയോക്താവ് പങ്കുവെയ്ക്കുന്നു.
”ഞാന്‍ എന്റെ കുട്ടിയെ കളിസ്ഥലത്തേക്ക് കൊണ്ടുപോകും. ബെഞ്ചിലിരുന്ന് അവൾ കളിക്കുന്നത് കണ്ടുകൊണ്ടിരിക്കെ അമ്മമാര്‍ എന്നോട് ചോദിക്കും, എന്റെ കുട്ടി അവിടെയുണ്ടോ, ഏതാണ് ആ കുട്ടി എന്നൊക്കെ. അവര്‍ മറ്റ് അമ്മമാരോട് ആ ചോദ്യം ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.”, മറ്റൊരു ഉപയോക്താവ് പറയുന്നു.
”സ്‌കൂളില്‍ ഒരു പെണ്‍കുട്ടി എന്റെ മുഖത്ത് അടിച്ചു. ഞാന്‍ തിരിച്ചടിച്ചു, അവള്‍ കരയാന്‍ തുടങ്ങി. ഞാന്‍ സ്ക്കൂളിൽ നിന്ന് പുറത്താക്കലിന്റെ വക്ക് വരെയെത്തി.”, മറ്റൊരാൾ പരിഭവം പറയുന്നു.
”എന്റെ മാനേജറായിരുന്ന സ്ത്രീ എനിക്ക് ഒരു ഡ്രിങ്ക്‌സ് വാഗ്ദ്ദാനം ചെയ്തു, അതിന് ഞാന്‍ വിസമ്മതിച്ചപ്പോള്‍ എന്നെ ട്രാന്‍സ്ഫര്‍ ചെയ്തു. എനിക്ക് അവരെ ഇഷ്ടപ്പെടാത്തതുകൊണ്ടല്ല ഞാൻ വിസമ്മതിച്ചത്. ഞാന്‍ വളരെ മടുപ്പിലായിരുന്നത് കൊണ്ടാണ്, കൂടാതെ ‘സഹപ്രവര്‍ത്തകരുമായി ഡേറ്റ് ചെയ്യരുത്’ എന്ന വ്യവസ്ഥ പാലിക്കാമെന്ന് വിചാരിച്ചും”, ജോലിസ്ഥലത്ത് നേരിടേണ്ടിവന്ന അനുഭവത്തെക്കുറിച്ച് ഒരാൾ മനസ് തുറന്നു.
”വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ഒരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍ അവിടുത്തെ റിസപ്ഷനിസ്റ്റ് പറഞ്ഞു, അവര്‍ക്ക് ഇവിടെ പുരുഷന്മാരെ നിയമിക്കാന്‍ താല്‍പര്യമില്ല എന്ന്”, മറ്റൊരാൾ എഴുതി.
”അടുത്തിടെ ഒരു പ്രമോഷന്‍ എനിക്ക് നഷ്ടമായി. എനിക്ക് പകരം ആ അവസരം ലഭിച്ച സ്ത്രീ ഒരു സിംഗിൾ മദർ ആയിരുന്നു, അവർക്ക് കൂടുതൽ പണം ആവശ്യമുണ്ട് എന്നതായിരുന്നു അവർക്ക് പ്രൊമോഷൻ നൽകാനുള്ള കാരണം.” എന്നാണ് ഒരു വ്യക്തി കുറിച്ചത്.
”എന്റെ അവസാന ജോലിയില്‍, ഞങ്ങള്‍ക്ക് ഒരു പുതിയ വനിതാ സൂപ്പര്‍വൈസറെ ലഭിച്ചു. അവർക്ക് ഈ ജോലി നേടാൻ യാതൊരു യോഗ്യതയുമില്ലായിരുന്നു. പക്ഷേ ഒരു സ്ത്രീയായതിനാല്‍ അവർക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നേതൃസ്ഥാനങ്ങളില്‍ എത്ര സ്ത്രീകള്‍ ഉണ്ടായിരിക്കണം എന്നതിനെക്കുറിച്ച് ഞങ്ങളുടെ കമ്പനിക്ക് ഒരു നയമുണ്ടായിരുന്നു.”, ഒരു റെഡ്‌ഡിറ്റ് ഉപയോക്താവ് പങ്കുവെയ്ക്കുന്നു.