ബെംഗളൂരു: കർണാടകത്തിലെ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമഗളൂരു ജില്ലകളിലെ ചില സ്ഥലങ്ങളിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് സന്ദേശം കൈമാറിയതായി കണ്ടെത്തി. ഇതേത്തുടർന്ന് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കിടെ അഞ്ച് ഫോൺകോളുകൾ ഇവിടെനിന്ന് വിദേശത്തേക്ക് പോയതാണ് സ്ഥിരീകരിച്ചത്.
ദക്ഷിണ കന്നഡ ജില്ലയിലെ മുഡബിദ്രി, മുഡിപ്പു മേഖലകളിൽനിന്നും ഉത്തരകന്നഡ ജില്ലയിലെ വനംമേഖലയിൽനിന്നും ചിക്കമഗളൂരുവിലെ രണ്ട് കേന്ദ്രങ്ങളിൽനിന്നുമാണ് സാറ്റലൈറ്റ് ഫോൺ വിളികൾ പോയത്.ഇത്തരം ഫോൺകോളുകൾ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഇന്റലിജന്റ്സ് വിഭാഗത്തിന്റെ വിലയിരുത്തൽ. ഒരുവർഷത്തിനിടെ ഇത് മൂന്നാംതവണയാണ് സംസ്ഥാനത്ത് സാറ്റലൈറ്റ് ഫോൺവിളികൾ നടത്തിയത് കണ്ടെത്തുന്നത്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിലായി വിദേശരാജ്യങ്ങളിലേക്ക് സംസ്ഥാനത്തുനിന്ന് 476 സാറ്റലൈറ്റ് ഫോൺകോളുകൾ നടത്തിയത് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര സഭയെ അറിയിച്ചു. 2020-ൽ 256 ഫോൺകോളുകളും ഈ വർഷം 220 ഫോൺകോളും നടത്തിയത് സ്ഥിരീകരിച്ചതായാണ് മന്ത്രി അറിയിച്ചത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം രാജ്യത്ത് സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചതാണ്.