തിരുവനന്തപുരം: ബൈക്ക് നിര്‍ത്തി മൂത്രം ഒഴിക്കാന്‍ ഇറങ്ങിയ രോഗിയായ യുവാവിനെ മര്‍ദിച്ചെന്ന്
ആരോപണം നേരിടുന്ന എസ്‌ഐയുടെ മക്കള്‍ക്കെതിരെ ഭീഷണി മുഴക്കിയ സാമൂഹിക പ്രവര്‍ത്തകനെതിരെ കേസ്. എസ്‌ഐയുടെ മക്കള്‍ ടിപ്പറിന് അടിയിലോ റെയില്‍വേ ട്രാക്കിലോ മരിച്ചുകിടക്കുമെന്ന് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ച സാമൂഹിക പ്രവര്‍ത്തകനെതിരെയാണ് പൂവാര്‍ പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ പാച്ചിറ നവാസിനെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. നവാസിന്റെ സിം കാര്‍ഡ്, ഫോണ്‍ എന്നിവ പൂവാര്‍ പൊലീസിന് മുന്നില്‍ അന്വേഷണത്തിന്റെ ഭാഗമായി ഞായറാഴ്ച ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 22ന് നവാസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത ആറുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് എസ്‌ഐ സനല്‍കുമാറിന്റെ മക്കള്‍ക്കെതിരെയും കുടുംബത്തിനെതിരെയും വധഭീഷണി മുഴക്കിയത്.
എസ്‌ഐയുടെ മര്‍ദനത്തില്‍ പരിക്കേറ്റ സുധീര്‍ഖാന്റെ മക്കളോടാണ് ആഹ്വാനം. എസ്‌ഐയുടെ പേര് ഓര്‍ത്തുവെക്കണമെന്നും എസ്‌ഐയുടെ മക്കളെ ഏതെങ്കിലും ടിപ്പറിന് അടിയിലോ പൊട്ട കിണറ്റിലോ റെയില്‍വേ ട്രാക്കിലോ മരിച്ചു കിടന്നെന്ന വാര്‍ത്ത നിങ്ങള്‍ കേള്‍ക്കുമെന്നും നവാസ് പറയുന്നത് ദൃശങ്ങളിലുണ്ട്. സുധീറിന്റെ പണി പൂര്‍ത്തിയാകാത്ത വീടിന്റെ നിര്‍മാണം ചാരിറ്റി പ്രവര്‍ത്തകരുടെ സഹായത്തോടെ ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും നവാസ് പറയുന്നു. ഇതിനോടകം 25000 ആളുകള്‍ ഈ വീഡിയോ കണ്ടു.