ചെന്നൈ: മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ച് മക്കള്‍ മുങ്ങിമരിച്ചു. വെല്ലൂര്‍ ആമ്പൂരിലെ കൈലാസഗിരി കുന്നിലെ മുരുകന്‍ കോവിലെ കുളത്തില്‍ വീണാണ് കുട്ടികള്‍ മുങ്ങിമരിച്ചത്. ചെന്നൈയ്ക്കു സമീപമുള്ള ആമ്പൂരിലെ കുന്നിന്‍മുകളിലെ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്കെത്തിയതായിരുന്നു കുടുംബം. ഉത്തരഖണ്ഡ് സ്വദേശി ലോകേശ്വരനും ഭാര്യ മീനാക്ഷിയും രണ്ടുമക്കളുടെ മൃതദേഹവുമായി രണ്ട് കിലോമീറ്ററോളം നടക്കുന്ന ദൃശ്യങ്ങള്‍ കാണുന്നവരുടെ മനസ് നോവിക്കും.
വാഹനങ്ങള്‍ കടന്നുചെല്ലാത്ത രണ്ടു കിലോമീറ്റര്‍ ദൂരം മക്കളുടെ മൃതദേഹങ്ങളെ അനുഗമിക്കുന്ന ഇവരുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രക്കുളത്തിനു സമീപത്ത് ഇരിക്കുകയായിരുന്ന ആറുവയസുകാരി ഹരിപ്രീത കാല്‍ വഴുതി കുളത്തില്‍വീണു. സഹോദരിയെ രക്ഷിക്കാനായി എട്ടുവയസുകാന്‍ ജസ്വന്ത് എടുത്തുചാടി. കുട്ടികള്‍ രണ്ട് പേരും വെള്ളത്തില്‍ മുങ്ങിത്താഴുന്നത് നിസഹായനായി നോക്കിനില്‍ക്കാനേ പിതാവിന് സാധിച്ചുള്ളൂ. സഹായത്തിനു ആരും എത്തിയില്ല.
ഒരുമണിക്കൂറിന് ശേഷം ആമ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. വാഹനം വരാത്ത റോഡ് ആയിരുന്നതിനാല്‍ പോലീസുകാര്‍ ആണ് കുട്ടികളുടെ മൃതദേഹം എടുത്തത്. മാതാപിതാക്കള്‍ അവരെ അനുഗമിച്ചു.
രാത്രി മുഴുവന്‍ ആമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ കരഞ്ഞു കഴിച്ചുകൂട്ടിയ ഇരുവരും രാവിലെ ആശുപത്രിയില്‍ നിന്ന് ഇറങ്ങി ആമ്പൂര്‍ റയില്‍വേ സ്റ്റേഷനിലെത്തി. പ്ലാറ്റ് ഫോമിലെ കടയില്‍ നിന്നും ജ്യൂസ് വാങ്ങിയ ലോകേശ്വരന്‍ അതില്‍ കീടനാശിനി കലര്‍ത്തി കുടിച്ചു. ബാക്കിയുള്ളത് ഭാര്യയ്ക്ക് കൊടുക്കാതെ മുഴുവന്‍ കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.