കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്ത് തിക്കിലും തിരക്കിലുംപെട്ട് ഏഴു പേർ മരിച്ചു. മരിച്ചവരെല്ലാം അഫ്ഗാൻ പൗരന്മാരാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
താലിബാൻ കാബൂൾ പിടിച്ചതോടെ ആയിരക്കണക്കിന് പേരാണ് ദിവസവും അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. അഫ്ഗാനിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാൻ യുഎസും സഖ്യകക്ഷികളും ശ്രമങ്ങൾ തുടരുകയാണ്. ഈ മാസം അവസാനം വരെ രക്ഷാദൗത്യം തുടരുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
രക്ഷാദൗത്യം നീട്ടാനുള്ള യുഎസിന്റെ തീരുമാനത്തിന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി പിന്തുണ അറിയിച്ചു. ഓഗസ്റ്റ് 13 മുതൽ യുകെ അഫ്ഗാനിസ്ഥാനിൽ നിന്ന് 4,000 പേരെ ഒഴിപ്പിച്ചതായും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഫ്ഗാനിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് അഭയം ഒരുക്കാൻ തയാറായി ചില രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.
ഇന്ത്യയും കാബൂളിൽ നിന്നുള്ള രക്ഷാദൗത്യം തുടരുകയാണ്. അഫ്ഗാനിൽ നിന്ന് ഞായറാഴ്ച മാത്രം 390 പേരെയാണ് ഇന്ത്യയിലെത്തിച്ചത്. താലിബാൻ നിരീക്ഷണം ശക്തമാക്കിയത് കൂട്ടഒഴിപ്പിക്കലിന് തടസമായിട്ടുണ്ട്.