തലശേരി:കണ്ണൂർ ആർടി ഓഫീസിൽ അതിക്രമിച്ചുകയറി കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ ഇ–ബുൾജെറ്റ് വ്ളോഗർ സഹോദരന്മാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സെഷൻസ് കോടതിയിൽ വെള്ളിയാഴ്ച അന്വേഷക സംഘം ഹർജി നൽകും. കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് (ഒന്ന്) കോടതി ജാമ്യം അനുവദിച്ചതിനെതിരെ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി പി ശശീന്ദ്രൻ മുഖേനയാണ് ഹർജി നൽകുക.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച രാവിലെയാണ് ഓഫീസിൽ കയറി സഹോദരങ്ങൾ അതിക്രമം കാട്ടിയത്. പൊതുമുതൽ നശിപ്പിക്കൽ, ആർടി ഓഫീസിലെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ജാമ്യം അനുവദിച്ചത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും ഹർജിയിൽ ബോധിപ്പിക്കും
പൊതുമുതൽ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം നൽകിയത്.ഇവരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ടുപോവുകയാണ്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനാണ് രജിസ്ട്രേഷൻ റദ്ദാക്കുന്നത്. ഇതിന്റെ മുന്നോടിയായി ആർ.സി. ഉടമയ്ക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
പ്രതികളുടെ കിളിയന്തറ വിളമനയിലെ വീടിന്റെ ഭിത്തിയിൽ ഇരിട്ടി ആർ.ടി.ഒ. കാരണം കാണിക്കൽ നോട്ടീസ് പതിച്ചു. പ്രതികളുടെ വാഹനത്തിൽ കണ്ടെത്തിയ ഒൻപത് അപാകങ്ങൾക്ക് ഏഴുദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്
കഴിഞ്ഞദിവസമാണ് യൂട്യൂബ് വ്ളോഗർമാരായ എബിനും ലിബിനും കണ്ണൂർ ആർ.ടി. ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയത്. അനധികൃതമായി രൂപമാറ്റം വരുത്തിയതിനും നികുതി അടയ്ക്കാത്തതിനും ഇവരുടെ ‘നെപ്പോളിയൻ’ എന്ന പേരിലുള്ള ടെംപോ ട്രാവലർ കാരവൻ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെ ആർ.ടി. ഓഫീസിൽ അതിക്രമിച്ചുകയറിയ ഇരുവരും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഓഫീസിലെ ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതിയിലുണ്ടായിരുന്നു. മാത്രമല്ല, ഓഫീസിൽനിന്ന് ഫെയ്സ്ബുക്ക് ലൈവും ചെയ്തു. ഇത് കണ്ട് നിരവധി യുവാക്കളാണ് ഓഫീസ് പരിസരത്ത് തടിച്ചുകൂടിയത്.
ആർ.ടി. ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് ഇരുവരെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരിൽ കേസെടുത്തത്. ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെ സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിലും പരിസരത്തും കൂടിനിന്ന് ബഹളമുണ്ടാക്കിയ ഇവരുടെ ആരാധകരായ 24 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
രണ്ടുമാസത്തേക്കോ കുറ്റപത്രം സമർപ്പിക്കുന്നതുവരെയോ എല്ലാ ബുധനാഴ്ചയും ടൗൺ സ്റ്റേഷനിൽ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥപ്രകാരം എബിനും ലിബിനും ബുധനാഴ്ച ടൗൺ സ്റ്റേഷനിൽ ഹാജരായി. ഇവരെ ചോദ്യംചെയ്യാൻ വീണ്ടും വിളിപ്പിച്ചേക്കും.
സുൽത്താൻബത്തേരിയിലെ ഒരാളുടെ ഉടമസ്ഥതയിലായിരുന്ന ടെമ്പോ ട്രാവലർ വാഹനം വൻതുക തുക ചെലവിട്ട് എറണാകുളത്ത് കൊണ്ടുപോയാണ് കാരവാനാക്കിയത്. രണ്ടുകോടിയെന്നാണ് യൂട്യൂബർമാർ അവരുടെ ചാനലിൽ അവകാശപ്പെട്ടത്. കാരവാനാക്കാമെന്ന ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാണ് കഴിഞ്ഞ കൊല്ലം നവംബർ 18-ന് ബത്തേരി ആർ.ടി.ഒ. ഓഫീസിൽ രജിസ്റ്റർചെയ്തത്. പിന്നീട് ഇത് എബിന്റെ പേരിലാക്കി ഇരിട്ടി ആർ.ടി.ഒ. ഓഫീസിൽ ഈവർഷം മാർച്ച് രണ്ടിന് രജിസ്റ്റർചെയ്യുകയായിരുന്നു. ഈ വാഹനത്തിലെ യാത്രയുടെ പേരിലാണ് ഇവരുടെ യൂട്യൂബ് ചാനൽ 15 ലക്ഷത്തോളം ആരാധകരെ ആകർഷിച്ചത്. കോടതി നടപടി പൂർത്തിയായി വാഹനം തിരികെക്കിട്ടാൻ സമയം പിടിച്ചേക്കും.
പ്രതികളിൽനിന്ന് പിടിച്ചെടുത്ത വിലകൂടിയ നാല് ഫോണുകളും ഒരു വെബ്ക്യാമും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. ആരാധകരോട് ആർ.ടി.ഒ. ഓഫീസിലെത്താൻ ആഹ്വാനം ചെയ്യാൻ ഈ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.