30.6 C
Kottayam
Friday, May 10, 2024

താലിബാനുമായി അധികാരം പങ്കിടാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെന്ന് സൂചന

Must read

ദോഹ:രാജ്യത്ത് സംഘർഷം അവസാനിപ്പിക്കാൻ താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ. ഖത്തറിൽ നടന്ന ചർച്ചകളിലാണ് താലിബാന് മുൻപിൽ അഫ്ഗാൻ സർക്കാർ ഈ ഉപാധി മുന്നോട്ടുവെച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

അതേസമയം കാബൂളിലെ പ്രസിഡന്റ് കൊട്ടാരം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. ഖത്തറിൽ സമാധന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മാത്രമാണ് അഫ്ഗാൻ നയതന്ത്ര പ്രതിനിധി അബ്ദുള്ള അബ്ദുള്ള പ്രതികരിച്ചത്.

അഫ്ഗാനിസ്ഥാനിൽ ഗസ്നി പ്രവിശ്യയും താലിബൻ പിടിച്ചടക്കിയതിനു പിന്നാലെയാണ് അധികാരം പങ്കുവെയ്ക്കാൻ തയ്യാറാണെന്ന ഉപാധി സർക്കാർ മുന്നോട്ടുവെച്ചതായുള്ള റിപ്പോർട്ടുകൽ പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് ഒരാഴ്ചയിക്കിടെ താലിബാൻ പിടിച്ചടക്കിയ പത്താമത്തെ പ്രവിശ്യയാണ് ഗസ്നി. കാബൂളിൽനിന്നും 150 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഗസ്നി

അതീവ സുരക്ഷയുള്ള കാണ്ഡഹാറിലെ ജയിലും ബുധനാഴ്ച താലിബാൻ നിയന്ത്രണത്തിലാക്കിയിരുന്നു. ജയിലുകൾ കീഴടക്കിയ ശേഷം തടവുകാരെ മോചിപ്പിക്കുന്ന താലിബാൻ അവരെ ഒപ്പം ചേർക്കുകയാണ് ചെയ്യുന്നത്. താലിബാനെ ഭയന്ന് വിവിധ പ്രദേശങ്ങളിൽനിന്ന് പലായനം ചെയ്യുന്ന നിരവധി പേർ കാബൂൾ നഗരത്തിലേക്ക് എത്തുന്നുണ്ട്. ഇവരോടൊപ്പം താലിബാൻ പോരാളികളും ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയവും പടിഞ്ഞാറൻ മേഖലയുടെ ചുമതലയുള്ള അഫ്ഗാൻ സുരക്ഷ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം കീഴ്ടങ്ങിയ അഫ്ഗാൻ സൈനികരെ പോലും താലിബാൻ വധിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു. 90 ദിവസത്തിനുള്ളിൽ അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ നിഗമനം.

അതിനിടെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ പൗരന്മാർ എത്രയും വേഗം അഫ്ഗാൻ വിടണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. ഇന്ത്യക്കാർക്ക് മടങ്ങാൻ കാബൂളിലെ എംബസി എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എംബസി അടയ്ക്കുമെന്ന വാർത്ത തെറ്റാണ്. അഫ്ഗാനിസ്ഥാനിൽ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം അഫ്ഗാൻ വിടാൻ നിർദേശിച്ച് യു.എസ്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്താനിലെ യുഎസ് പൗരന്മാരെ സഹായിക്കാനുളള കഴിവ് വളരെ പരിമിതമാണെന്ന് കാബൂളിലെ യു.എസ്. സ്ഥാനപതി കാര്യാലയം ശനിയാഴ്ച അറിയിച്ചു.

അക്രമവും ഭീഷണികളും ഉയർന്നു വരുന്നതിനാൽ കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. ലഭ്യമായ വിമാനസർവീസുകൾ ഉപയോഗപ്പെടുത്തി എത്രയും വേഗം അഫ്ഗാൻ വിടാനാണ് സ്ഥാനപതി കാര്യാലയം യു.എസ്. പൗരന്മാരോട് നിർദേശിച്ചിരിക്കുന്നത്. ടിക്കറ്റ് എടുക്കാൻ പണമില്ലാത്തവർക്ക് പുനരധിവാസ വായ്പകൾ ലഭ്യമാക്കുമെന്നും അവർ അറിയിച്ചു.

അഫ്ഗാനിസ്താൻ സർക്കാരിന്റെ മാധ്യമവിഭാഗം മേധാവി ദവ ഖാൻ മിനപാലിനെ താലിബാൻ ഭീകരർ വധിച്ചിരുന്നു. കാബൂളിലെ ദാറുൽ അമൻ റോഡിൽവെച്ച് വെള്ളിയാഴ്ച അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. അഫ്ഗാൻ സർക്കാരിന്റെ നിലപാടുകൾ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നത് മിനപാൽ ആണ്.

നേരത്തേ അഫ്ഗാൻ താത്കാലിക പ്രതിരോധമന്ത്രി ബിസ്മില്ല മുഹമ്മദിയുടെ വീടിനുനേരെ താലിബാൻ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ കൂടുതൽ സർക്കാർ നേതാക്കൾക്കെതിരേ ആക്രമണം നടത്തുമെന്ന് ഭീകരർ മുന്നറിയിപ്പും നൽകി.

സർക്കാരുമായി ബന്ധമുണ്ടെന്നാരോപിച്ച് കാണ്ഡഹാറിലെ തങ്ങളുടെ നിയന്ത്രണത്തിലുള്ള ജില്ലകളിൽനിന്ന് നൂറുകണക്കിന് നാട്ടുകാരെ താലിബാൻ തടവിലാക്കി. ഇതിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രവിശ്യാസർക്കാർ അധികൃതരുടെയും ബന്ധുക്കളെ കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

അഫ്ഗാനിസ്താനിലെ സ്ഥിതിവിവരങ്ങൾ ബൈഡൻ ഭരണകൂടം സൂക്ഷമമായി നിരീക്ഷിച്ചുവരികയാണെന്നും താലിബാൻ നിയന്ത്രിത മേഖലകളിലെ സംഘർഷങ്ങളിലും പ്രതികാര കൊലപാതകങ്ങളിലും അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുന്നതിൽ ആശങ്കയുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് ജെൻ സാകി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, അഫ്ഗാനിൽനിന്ന് തങ്ങളുടെ സൈനികരെ പൂർണമായും പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week