എടപ്പാള്‍: കാറില്‍ നിന്നു കൈതുടച്ച കടലാസ് ആണെന്നും പറഞ്ഞ് യുവാവ് പുറത്തേക്കെറിഞ്ഞ് കൈവശം ഉണ്ടായിരുന്ന 3 പവന്റെ മാല അടങ്ങിയ പൊതി. എറിഞ്ഞ് കഴിഞ്ഞ് ഏറെ വൈകിയാണണ് അബന്ധം മനസിലായത്. തിരികെ എത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും മാല ലഭിച്ചില്ല. നിരാശനായി മടങ്ങേണ്ട അവസ്ഥ വന്നു. ഈ ഭാഗത്ത് റോഡരികില്‍ കാടുകള്‍ വളര്‍ന്നതിനാല്‍ തെരച്ചില്‍ ദുഷ്‌കരമാവുകയായിരുന്നു. വിദേശത്തു പോകാന്‍ പണം ആവശ്യം ഉള്ളതിനാല്‍ വില്‍പന നടത്താനായി സൂക്ഷിച്ച മാലയാണ് നഷ്ടപ്പെട്ടത്.
ഇന്നലെ രാവിലെ കണ്ടനകത്ത് ആയിരുന്നു സംഭവം. എടപ്പാള്‍ സ്വദേശിയായ യുവാവ് ഇന്ന് വിദേശത്തേക്ക് പോകുന്നതിന് മുന്നോടിയായി വെള്ളാഞ്ചേരിയിലെ ബന്ധു വീട്ടിലേക്ക് യാത്ര പറയാനായി പോവുകയായിരുന്നു. കൂടെ ഭാര്യയുമുണ്ടായിരുന്നു. യാത്രയ്ക്കിടെ കണ്ടനകത്ത് എത്തിയപ്പോള്‍ കൈ തുടച്ച ശേഷം കടലാസ് പുറത്തേക്ക് എറിയുകയായിരുന്നു. എന്നാല്‍ കടലാസിന് പകരം മാല പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന പൊതി ആണ് എടുത്ത് എറിഞ്ഞത്.
അല്‍പ ദൂരം മുന്നോട്ടു പോയപ്പോഴാണ് മാലയാണു കളഞ്ഞതെന്നു മനസ്സിലായത്. ഉടന്‍ വാഹനം തിരിച്ച് കണ്ടനകം കെഎസ്ആര്‍ടിസി വര്‍ക്ക് ഷോപ്പിന് മുന്‍വശത്ത് പൊതി കളഞ്ഞ സ്ഥലത്തു നിര്‍ത്തി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് നാട്ടുകാരും ഒപ്പം ചേര്‍ന്നെങ്കിലും മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല.