കൊച്ചി:മഹാരാജാസ് കോളേജിലെ ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകനെ എസ്.എഫ്.ഐ മർദ്ദിച്ചെന്നാരോപിച്ച് ഹോസ്റ്റലിലേക്ക് മാർച്ച് നടത്തി.മഹാരാജാസ് കോളേജ് കെ എസ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് റിയാസിനെ ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടി എസ്. എഫ്. ഐ യൂണിറ്റ് സെക്രട്ടറി അഖിൽ പുഷ്പന്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഹാരാജാസ് ഹോസ്റ്റലിൽ താമസിക്കുന്ന കെ. എസ്. യൂ പ്രവർത്തകർക്ക് നേരെ അതിക്രൂരമായ രീതിയിൽ ഉള്ള ടോർച്ചറിങ് ആണ് എസ്. എഫ്. ഐയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് കെ.എസ്.യു നേതാക്കൾ പറഞ്ഞു.
പ്രതിയെന്ന് ആരോപിക്കപ്പെട്ട വ്യക്തിയും കൂട്ട് പ്രതിയായ ഒന്നാം വർഷ വിദ്യാർത്ഥിയായ ആദർശ് കെ നായരും ഇപ്പോഴും ഹോസ്റ്റലിൽ തന്നെയുണ്ട്, ഒപ്പം അനധികൃതമായി കുറേയേറെ എസ്. എഫ്. ഐ പ്രവർത്തകരും ഉള്ളതായാണ് നിലവിൽ അറിയാൻ സാധിക്കുന്നത്. ഹോസ്റ്റലിൽ അഡ്മിഷൻ ഇല്ലാത്ത മുഴുവൻ എസ്. എഫ്. ഐ ക്രിമിനലുകളെയും പുറത്താക്കണമെന്നും പ്രതിയായ അഖിൽ പുഷ്പനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മഹാരാജാസ് കോളേജ് ഹോസ്റ്റലിലേക്ക് കെ. എസ്. യൂ എറണാകുളം ജില്ലാ കമ്മിറ്റി പ്രകടനം നടത്തി.
രേഖമൂലം പരാതി പെട്ടിട്ടും വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പ്രതികൾക്ക് സംരക്ഷണം നൽകുന്ന നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. അധികാരത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാം എന്ന നികൃഷ്ടമായ നിലയിലേക്ക് എസ്. എഫ്. ഐ അധപതിച്ചിരിക്കുന്നു എന്നും, ഇനിയും ഇതേ നടപടികളുമായി മുൻപ്പോട്ട് പോകാനാണ് തീരുമാനമെങ്കിൽ ശക്തമായി നേരിടുമെന്നും കെ. എസ്. യൂ എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം എന്നുള്ളത് കൊടിയിൽ മാത്രം ഒതുങ്ങുകയും ക്യാമ്പസുകളിൽ ഫാഷിസ്റ്റ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന എസ്. എഫ്. എഫ് അവകാശ സംരക്ഷണം എന്ന പേരിൽ കേരളത്തിലെ 5000 കേന്ദ്രങ്ങളിൽ നടത്തുന്ന പ്രഹസനം വിദ്യാർത്ഥികൾ തിരിച്ചറിയുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത കെ എസ് യു ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.ഇത് ആദ്യമായി അല്ലാ മഹാരാജാസിൽ നിന്ന് ഇത്തരം ക്രൂരതകളുടെ വാർത്തകൾ പൊതുസമൂഹം ഞെട്ടലോടെ കേൾക്കുന്നത്.
പ്രിൻസിപ്പളിന്റെ കസേര കത്തിച്ചപ്പോഴും, ഹോസ്റ്റൽ മുറിയിൽ നിന്ന് മാരകായുധങ്ങൾ കണ്ടെടുത്തപ്പോഴും അതിനെയെല്ലാം ന്യായികരിക്കുകയും ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്ത പോലീസും മുഖ്യമന്ത്രിയും ഇതിന് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്.വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അന്തരീക്ഷം ഇല്ലാതാക്കികൊണ്ട് ഒരു അധോലോക മാതൃകയിലേക്ക് മാറുകയാണ് മഹാരാജാസ് എന്നും കൂട്ടി ചേർത്തു.
കെ എസ് യു ജില്ല സെക്രട്ടറി മിവ ജോളി അധ്യക്ഷത വഹിച്ചു. കോര്പറേഷൻ കൗൺസിലർ മനു ജേക്കബ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫ് എന്നിവർ സംസാരിച്ചു. കെ എസ് യു ജില്ല സെക്രട്ടറി പ്രിയങ്ക ഫിലിപ്പ്, ബ്ലോക്ക് പ്രസിഡന്റ്‌മാരയ ജെയിൻ ജെയ്സൺ, അൽ അമീൻ അഷ്‌റഫ്, അസ്‌ലം മജീദ്, ബ്ലോക്ക് ഭാരവാഹികളായ ഹരികൃഷ്ണൻ എസ്, കൃഷ്ണലാൽ കെ, നിമിത് സാജൻ, ലിയോൺ മാത്യൂസ്, ജിഷ്ണു എൻ വി, ഹെയ്നെസ് കനേഷ് തുടങ്ങിയവർ സംസാരിച്ചു.
ഡിസിസിയിൽ നിന്ന് പ്രകടനം ആരംഭിച്ച എംജി റോഡ് വഴി മഹാരാജാസ് കോളേജ് ഹോസ്റ്റൽ പരിസരത്ത് എത്തിയപ്പോൾ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് സമരകാരെ തടഞ്ഞു. ഹോസ്റ്റലിൽ ഒളിച്ചിരിക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്യാതെ പിന്നോട്ട് പോകില്ല എന്ന് കെ എസ് യു നേതാക്കൾ നിർബന്ധം പിടിച്ചത് സംഘർഷത്തിൽ കലാശിച്ചു. ഒടുവിൽ സമരക്കാരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. പ്രതികളെ സംരക്ഷിക്കാൻ ആണ് പോലീസും സർക്കാരും ശ്രമിക്കുന്നത് എങ്കിൽ ഇനിയുള്ള കേസിലെ മാർച്ചുകൾ നിരന്തരമായി പോലീസ് സ്റ്റേഷനിലേക്ക് ആയിരിക്കുമെന്നും കെ എസ് യു ജില്ലാ പ്രസിഡണ്ട് കൂട്ടിച്ചേർത്തു.