പട്ന: പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ കൗമാരക്കാരനെ ബന്ധുക്കള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തതിനെ തുടര്‍ന്ന് മരണപ്പെട്ടു. ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയിലെ കാന്തി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രേപുര രാംപുര്‍ഷ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഗ്രാമീണരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ സൗരഭ് കുമാര്‍(19) ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.
കൊലപാതകത്തില്‍ പ്രകോപിതരായ യുവാവിന്റെ ബന്ധുക്കളും മറ്റുള്ളവരും പ്രതിയുടെ വീട് ആക്രമിക്കുകയും പ്രതിയുടെ വീട്ടുമുറ്റത്ത് തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. ഇതേ ഗ്രാമത്തിലെ സൗരഭ് കുമാറിനെ കാമുകിയുടെ വീട്ടില്‍ കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് പോലിസ് പറഞ്ഞു. യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മരത്തില്‍ കെട്ടിയിട്ട് ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിച്ചു. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതനായ യുവാവിനെ മുസഫര്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
#WATCH | Kin of the man killed in connection with an alleged love affair in Muzzafarpur, Bihar was cremated in front of the accused's house, yesterday.
Prime accused and three others have been arrested in connection with the killing: Kanti Police Station, Muzzafarpur pic.twitter.com/ZNYWYcDWjc
— ANI (@ANI) July 25, 2021
പ്രണയത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് സൗരഭ് കുമാറിന്റെ കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും മര്‍ദ്ദനമേല്‍ക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തതായും മുസഫര്‍പൂര്‍(സിറ്റി) പോലീസ് സൂപ്രണ്ട് രാജേഷ് കുമാറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുകയാണ്. റിപോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് സുശാന്ത് പാണ്ഡെ എന്ന വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റു പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതാും പോലീസ് പറഞ്ഞു. അതേസമയം, പ്രധാന പ്രതിയുടെ വീട് ആക്രമിച്ചെന്നാരോപിച്ച് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അശോക് താക്കൂര്‍, രഞ്ജിത് കുമാര്‍, മുകേഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പോലിസ് പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തില്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് ബന്ധുക്കള്‍ക്ക് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.