25.4 C
Kottayam
Friday, May 17, 2024

റെക്കോര്‍ഡിട്ട് വാക്‌സിനേഷന്‍; സംസ്ഥാനത്ത് ഇന്ന് 3.44 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കി

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3,43,749 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. സംസ്ഥാനത്തെ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കി വരികയായിരുന്നു. രണ്ട് ലക്ഷം മുതല്‍ രണ്ടര വരെ പ്രതിദിനം വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്. ചില ദിവസങ്ങളില്‍ ഈ ലക്ഷ്യവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പലപ്പോഴും വാക്‌സിന്റെ ലഭ്യത കുറവ് കാരണം കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും സ്ലോട്ടും അനുവദിക്കാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ട് ദിവസങ്ങളിലായി 11 ലക്ഷത്തിലേറെ വാക്‌സിന്‍ വന്നതോടെ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഇന്ന് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ വന്നില്ലെങ്കില്‍ വീണ്ടും ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ പ്രയത്‌നിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ഇന്ന് 1504 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,397 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 107 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 46,041 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് മുമ്പില്‍. 39,434 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ എറണാകുളം ജില്ലയാണ് രണ്ടാമത്. എല്ലാ ജില്ലകളും 10,000 ലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി എന്ന പ്രത്യേകതയുമുണ്ട്.

സംസ്ഥാനത്ത് ദിവസവും 3 ലക്ഷം വാക്‌സിന്‍ വച്ച് നല്‍കാനായി ഒരു മാസത്തേക്ക് 90 ലക്ഷം വാക്‌സിനാണ് ആവശ്യം. അതിനാലാണ് കേന്ദ്ര സംഘം വന്നപ്പോള്‍ 90 ലക്ഷം വാക്‌സിന്‍ ആവശ്യപ്പെട്ടത്. ഇനിയും ഇതുപോലെ ഒരുമിച്ച് വാക്‌സിന്‍ വന്നാല്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുന്നതാണ്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,70,43,551 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,21,47,379 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 48,96,172 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ ലഭിച്ചിരുന്നു. അവരുടെ പങ്കാളിത്തവും ഉറപ്പ് വരുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week