തിരുവനന്തപുരം:സംസ്ഥാനത്ത് ജവാൻ റം നിർമ്മാണം പ്രതിസന്ധിയിൽ. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് മോഷണത്തിന് ശേഷം മദ്യ നിർമാണത്തിന് അനുമതി നൽകാത്തതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമ്മാണത്തിനെത്തിച്ച സ്പിരിറ്റ് കെട്ടികിടക്കുകയാണ്.
സ്പിരിറ്റുമായെത്തിയ അഞ്ചു ടാങ്കറുകളിൽ നിന്ന് ലോഡ് ഇറക്കാൻ കഴിഞ്ഞിട്ടില്ല. എക്സൈസ് ഡിപ്പാർട്ട് മെന്റാണ് ഇതിന് അനുമതി നൽകേണ്ടത്. എന്നാൽ മോഷണ സ്പിരിറ്റ് കണക്കെടുപ്പ് പൂർത്തി ആയിട്ടില്ലെന്നാണ് എക്സൈസ് വകുപ്പ് അറിയിക്കുന്നത്.
സംസ്ഥാന സർക്കാരിനു കീഴിലുള്ള തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിലാണ് ജവാൻ ഉത്പാദിപ്പിച്ചിരുന്നത്. ഇവിടുത്തെ ഉദ്യോഗസ്ഥർ സ്പിരിറ്റ് തട്ടിപ്പ് കേസിൽ പ്രതികളായതിനു പിന്നാലെയാണ് ഉത്പാദനം നിർത്തിയത്.
മധ്യപ്രദേശിൽനിന്ന് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിലെത്തിച്ച 20,000 ലിറ്റര്‍ സ്പിരിറ്റ് കഴിഞ്ഞദിവസം കാണാതായിരുന്നു. ഉന്നത ഉദ്യോഗസ്ഥസംഘം സ്പിരിറ്റ് മറിച്ചുവിറ്റുവെന്നാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ കണ്ടെത്തൽ.
സ്ഥാപനത്തിന്റെ ജനറല്‍ മാനേജർ ഉൾപ്പടെ ഏഴുപേരെ പ്രതിചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ഒരു ജീവനക്കാരനടക്കം മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. താൽക്കാലിക ജീവനക്കാരൻ ചെങ്ങന്നൂർ സ്വദേശി അരുൺകുമാർ, ടാങ്കര്‍ ഡ്രൈവര്‍മാരായ ഇടുക്കി സ്വദേശി സിജോ, തൃശൂർ സ്വദേശി നന്ദകുമാർ എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായവരുടെ മൊഴി പ്രകാരം സ്ഥാപനത്തിന്റെ ജനറൽ മാനേജർ അലക്സ് എബ്രഹാം, പേഴ്സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘമുരളി എന്നിവരെ എക്സൈസ് എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്. കേസ് പൊലീസിനു കൈമാറിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഒളിവിലാണുള്ളത്.
40,000 ലിറ്റര്‍ വീതം സ്പിരിറ്റുമായെത്തിയ രണ്ടു ടാങ്കറുകളിൽനിന്നുള്ള സ്പിരിറ്റാണ് കാണാതായത്. ഒരു ടാങ്കറില്‍ നിന്ന് 12,000 ലിറ്ററും മറ്റേതിൽനിന്ന് 8,000 ലിറ്ററുമാണ് കാണാതായത്. എക്സൈസ് എൻഫോഴ്സ്മെന്റ് സംഘത്തിനു ലഭിച്ച വിവരത്തെത്തടർന്നു നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് പുറത്തായത്. ഫാക്ടറിയിലേക്ക് ലോഡുമായി എത്തിയ രണ്ട് ടാങ്കറുകളിൽ നിന്നായി പത്തു ലക്ഷത്തോളം രൂപയും സംഘം കണ്ടെത്തിയിരുന്നു. ഒരു ടാങ്കറില്‍നിന്ന് ആറു ലക്ഷവും മറ്റൊന്നില്‍നിന്ന് 3.5 ലക്ഷവുമാണ് പിടിച്ചത്.