ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗത്തിനു കാരണമായ ഡെല്‍റ്റ പ്ലസ് വീണ്ടും വകഭേദത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. നിരീക്ഷിച്ചില്ലെങ്കില്‍ ഇത് ആശങ്കയുടെ വകഭേദമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ വീണ്ടും കേസുകളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ഉണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനാല്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിരീക്ഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡെല്‍റ്റ പ്ലസ് വീണ്ടും വകഭേദത്തിന് വിധേയമായിട്ടുണ്ട്. ഇത് ആശങ്കയ്ക്ക് കാരണമായേക്കാം. നിരീക്ഷിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്നത്. നിലവില്‍ കേസുകളുടെ എണ്ണം കുറവായതിനാല്‍ ഇത് ആശങ്കയുടെ വകഭേദമായി മാറിയേക്കാം. ഈ ഡെല്‍റ്റ പ്ലസ് വീണ്ടും തീവ്രമായ മറ്റൊരു വകഭേദമായി മാറുമോയെന്നത് അടുത്ത കുറച്ച് ആഴ്ചകളില്‍ നമ്മള്‍ നിരീക്ഷിക്കേണ്ട ഒന്നാണെന്നും ഗുലേറിയ പറഞ്ഞു.
ഈ വൈറസുകള്‍ വീണ്ടും വീണ്ടും മാറ്റത്തിനു വിധേയമാകുകയും അതിലൂടെ അതിജീവിക്കുകയും കൂടുതല്‍ ആളുകളിലേക്ക് രോഗം പരത്തുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ആക്രമണോത്സുകതയോടെ വൈറസുകള്‍ക്ക് മുന്നേപ്രവര്‍ത്തിക്കേണ്ടതുണ്ട്. നിരവധി മാസങ്ങളായി കര്‍ശന ലോക്ഡൗണ്‍ നടപ്പാക്കിക്കൊണ്ട് യുകെ വളരെ നല്ലരീതിയിലാണ് പ്രവര്‍ത്തിച്ചത്.
എന്നാല്‍ രാജ്യം തുറക്കാന്‍ തുടങ്ങിയപ്പോള്‍, രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് പുതിയ വകഭേദമായ ഡെല്‍റ്റ വേരിയന്റ് കാരണമായി. യുകെയ്ക്കു സമാനമാണ് നമ്മുടെ അവസ്ഥയും. ഇപ്പോള്‍ തുടങ്ങി മൂന്ന്, നാല് മാസം ശ്രദ്ധിച്ചില്ലെങ്കില്‍ നമുക്കും സമാനമായ സാഹചര്യമുണ്ടാകും. വൈറസ് മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ വകഭേദങ്ങള്‍ വരുന്നു- ഗുലേറിയ ചൂണ്ടിക്കാട്ടി.