ന്യൂഡല്‍ഹി: കേരളത്തിലെ പ്രശ്‌നങ്ങളുടെ പേരില്‍ കേന്ദ്ര നേതൃത്വം തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മന്ത്രിമാരെ കാണുന്നതിന് വേണ്ടിയാണ് താന്‍ ഡല്‍ഹിക്ക് പോയത്. തന്നെ വിളിച്ചുവരുത്തേണ്ട ആവശ്യം നേതൃത്വത്തിനില്ലെന്നും സുരേന്ദ്രന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സി.കെ. ജാനു വിവാദം ഗൂഢാലോചനയുടെ ഫലമാണ്. ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഎം നേതാവ് പി. ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഘടകകക്ഷി നേതാവായ ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നല്‍കിയതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുന്നു എന്നാരോപിച്ച് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലും, മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ത്ഥിക്ക് പണം നല്‍കിയെന്ന കേസിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുരുക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗവര്‍ണറെ കണ്ടത്.ബിജെപിയെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നുവെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചു. കള്ള കേസ് ചമച്ച് നേതാക്കളെ ജയിലിലാക്കാന്‍ ശ്രമിക്കുകയാണ്. കൊടകര കേസില്‍ പൊലീസ് കള്ളക്കേസ് ചമക്കുന്നു. കൊടകരയില്‍ നടന്നത് കവര്‍ച്ചയാണ്. ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തതാണ്. പിന്നെ നേതാക്കളെ കുരുക്കാനാണ് പുതിയ ടീം ഉണ്ടാക്കിയത്. അതിലെ എല്ലാ ഉദ്യോഗസ്ഥരും സിപിഎം അനുകൂലികളാണെന്ന് ബിജെപി നേതൃത്വം ആരോപിക്കുന്നു.ധര്‍മ്മരാജന്‍ പണത്തിന്റെ ഉറവിടം കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യം ഗവര്‍ണറെയും അറിയിച്ചിട്ടുണ്ട്. സുന്ദര സ്വന്തം ഇഷ്ടപ്രകാരമാണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചത്. റിട്ടേണിംഗ് ഓഫീസര്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യമാണ്. ഇപ്പോള്‍ കളള പരാതി ചമക്കുകയാണ്. സുരേന്ദ്രനെ കുരുക്കാന്‍ സിപിഎം നേതാവിന്റെ പരാതി കരുവാക്കുകയാണ്. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി പോലും ചേരാന്‍ അനുവദിക്കുന്നില്ലെന്നും നേതൃത്വം ആരോപിക്കുന്നു. എന്തുകൊണ്ട് കോഴ വാങ്ങിയ സുന്ദരനെതിരെ കേസെടുക്കുന്നില്ലെന്ന് ചോദിച്ച ബിജെപി നേതൃത്വം ഡിജിപിയെ കണ്ട് പരാതി നല്‍കുമെന്നും അറിയിച്ചു.