കൊച്ചി: മീന്‍പിടിത്ത ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവ് വിവാദമാകുന്നതിനിടെ പിന്നാലെ പുതിയ വിവാദ ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍. തേങ്ങയും ഓലയും പറമ്പിലിടരുതെന്നതാണ് പുതിയ വിചിത്ര ഉത്തരവ്. സംഭവം വിവാദമായിരിക്കുകയാണ്.
പറമ്പില്‍ ഓലയോ തേങ്ങയോ കണ്ടാല്‍ പിഴയും ശിക്ഷയുമുണ്ടാവും. ഖരമാലിന്യങ്ങള്‍ കത്തിക്കുന്നതിനും വിലക്കുണ്ട്. ദ്വീപില്‍ പ്രത്യേക വാഹനമില്ലാതെ ഖരമാലിന്യങ്ങള്‍ കൊണ്ടുപോവാനും പാടില്ല. ഇത് ദ്വീപ് മാലിന്യമുക്തമാക്കാനാണെന്നാണ് ന്യായീകരണം.
എന്നാല്‍ പ്രതിഷേധിക്കുന്ന ദ്വീപ് നിവാസികള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യമെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലക്ഷദ്വീപിലെ പുതിയ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ് ദ്വീപ് ജനത.
സേവ് ലക്ഷദ്വീപ് ഫോറം പ്രഖ്യാപിച്ച നിരാഹാര സമരത്തിനും പണിമുടക്കിനും വലിയ ജനപിന്തുണയാണ് ലഭിച്ചതെന്നാണ് ദ്വീപില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ വീടുകളില്‍ തന്നെ നിരാഹാരമനുഷ്ഠിച്ചു മെഡിക്കല്‍ ക്ഷോപ്പുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.
അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരത്തിന് രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജനദ്രോഹ നാപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.