ബെംഗളൂരു: കോവിഡ് കാലത്തെ സങ്കടക്കാഴ്ചകൾ അവസാനിക്കുന്നില്ല. കോവിഡ് ബാധിച്ച് മരിച്ചവരിൽ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാത്ത 560 പേരുടെ ചിതാഭസ്മം കാവേരി നദിയിൽ ഒഴുക്കിയത് കർണാടക റെവന്യൂമന്ത്രി ആർ. അശോക. ഉത്തരേന്ത്യയിൽ മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടന്നതുപോലെയുള്ള സംഭവങ്ങൾ ഇവിടെയും ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ഉത്തരവാദിത്വത്തോടെ പെരുമാറിയതെന്ന് മന്ത്രി പറഞ്ഞു.
മൃതദേഹങ്ങൾ ദഹിപ്പിച്ചശേഷം ചിതാഭസ്മം കാവേരി നദിയിൽ ഒഴുക്കുന്നത് തെക്കൻ കർണാടകയിലെ ആചാരമാണ്. എന്നാൽ കോവിഡ് മരണങ്ങൾ വർധിച്ചതോടെ സ്ഥിതിഗതികൾ ആകെ മാറി. കോവിഡ് ബാധിച്ച് മരിച്ച പലരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങാത്ത സ്ഥിതിയായി. ഇതോടെയാണ് അത്തരം മൃതദേഹങ്ങൾ ദഹിപ്പിച്ച ചിതയിലെ ചാരം സംസ്ഥാന മന്ത്രിതന്നെ ഗംഗയിൽ ഒഴുക്കിയത്.
കാവേരി പുണ്യനദിയാണെന്നാണ് കരുതപ്പെടുന്നതെന്നും ചിതാഭസ്മം അതിൽ ഒഴുക്കുന്നതോടെ മരിച്ചവർക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു. ‘560 പേരുടെ ചിതാഭസ്മമാണ് കാവേരിയിൽ ഒഴുക്കിയത്. അവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല. അതിന് പല കാരണങ്ങളുണ്ടാകാം. പലരും സാമ്പത്തിക ബുദ്ധിമുട്ട് അടക്കമുള്ളവയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടാണ് മരിച്ചവരുടെ കുടുംബങ്ങൾക്കുവേണ്ടി സർക്കാർ ഈ ദൗത്യം ഏറ്റെടുത്തത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ വിഷയമാണിത്. അതുകൊണ്ടാണ് കർണാടകത്തിലെ എല്ലാവർക്കും വേണ്ടിതാൻ ഉത്തരവാദിത്വം ഏറ്റെടുത്തത്’- മന്ത്രി പറഞ്ഞു.
ഉത്തരേന്ത്യയിൽ നടന്ന സംഭവങ്ങളാണ് ഈ നടപടിക്ക് തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ബാധിച്ച് മരിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകി നടന്നത് എല്ലാവരും കണ്ടതാണ്. ചിലത് പക്ഷികൾ കൊത്തിവലിച്ചു. അതെല്ലാം നാണക്കേടുണ്ടാക്കുന്നതാണ്. അതുകൊണ്ടാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ആദരവോടെതന്നെ സംസ്കരിക്കണമെന്ന് തീരുമാനിച്ചത്. മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്നും മന്ത്രിപറഞ്ഞു.
കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് വന്നുവെങ്കിലും ആശ്വസിക്കാവുന്ന തരത്തിലല്ല സ്ഥിതിഗതികൾ. മരണങ്ങൾ വർധിച്ചതോടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ബുദ്ധിമുട്ടുന്ന സ്ഥിതിവന്നു. ഇതോടെ നിരവധി സ്ഥലങ്ങളിൽ താത്കാലിക ശ്മശാനങ്ങൾ ഒരുക്കേണ്ടിവന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,304 പേർക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. 464 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.