കോട്ടയം: കൊവിഡ് പ്രതിസന്ധി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ള സാധാരണ ജനജീവിതങ്ങളെയാണ്. പലരും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയാണ്. എന്നാല്‍ തന്റെ ദുരിത ജീവിതത്തിനിടയിലും സഹജീവികളെ സഹായിച്ച് മാതൃകയാകുകയാണ് എരുമേലി പഞ്ചായത്തിലെ പമ്പാവാലി മൂക്കന്‍പെട്ടി സ്വദേശി പാലക്കുഴിയില്‍ പ്രസാദ് എന്ന മരച്ചീനി കര്‍ഷകന്‍. കൊവിഡ് മഹാമാരിയില്‍ വിപണി തകര്‍ന്നടിഞ്ഞതോടെ താന്‍ ചോര നീരാക്കി വിളയിച്ച മരച്ചീനി കൊവിഡ് ബാധിത പ്രദേശങ്ങളില്‍ സൗജന്യമായി നല്‍കിയാണ് സുരയെന്ന് അറിയപ്പെടുന്ന പ്രസാദ് വ്യത്യസ്തനാകുന്നത്.
അമിതമായ രാസവള, കീടനാശിനികള്‍ ഉപയോഗിച്ച കപ്പയും ചേനയും ചേമ്പും ഒക്കെ അന്യ നാടുകളില്‍ നിന്ന് വാങ്ങി കഴിക്കേണ്ട അവസ്ഥ വന്നതോടെയാണ് സുര കപ്പ കൃഷി തുടങ്ങാന്‍ തീരുമാനിച്ചത്. നാട്ടില്‍ നല്ല കപ്പ കൊടുക്കാന്‍ പറ്റുക ഒപ്പം നഷ്ടമില്ലാതെ കൃഷി നടപ്പാക്കുക എന്നതായിരിന്നു സുരയുടെ ലക്ഷ്യം. കഴിഞ്ഞ രണ്ടു വര്‍ഷമായി തരിശു ഭൂമിയില്‍ നിന്ന് മികച്ച വിളവ് ഉല്‍പ്പാദിപ്പിക്കാന്‍ ഈ കര്‍ഷകന് സാധിച്ചു. പക്ഷെ ഇക്കുറി ഈ കപ്പ വില്‍ക്കാനാവാതെ പരുങ്ങുലിലായി.
എങ്കിലും തോറ്റു പിന്മാറാന്‍ ഒരുക്കമായിരുന്നില്ല സുര. അങ്ങനെയാണ് കൊവിഡ് ബാധിത മേഖലകളില്‍ സൗജന്യമായി കപ്പ വിതരണം ചെയ്യാന്‍ സുര തീരുമാനിക്കുന്നത്. തന്റെ നഷ്ടത്തെക്കാള്‍ വലുതാണ് അപരന്റെ വിശപ്പ് എന്നാണ് സുരയുടെ പക്ഷം. അതിനിടെ സമൂഹത്തിലെ ഈ നന്മ വറ്റാത്ത കര്‍ഷനെ സഹായിക്കാന്‍ ഒരുപറ്റം ചെറുപ്പാര്‍ രംഗത്ത് വന്നിരിക്കുകയാണ്.
ഓരോരുത്തര്‍ക്കും ആവശ്യമായ കപ്പ ഇദ്ദേഹത്തില്‍ നിന്ന് വാങ്ങാന്‍ സമൂഹമാധ്യമങ്ങളിലടക്കം ആഹ്വാനം ചെയ്യുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. അദ്ദേഹം സൗജന്യമായി നല്‍കുന്ന കപ്പയുടെ പണം സ്‌പോണ്‍സര്‍ ചെയ്യാനും ഇവര്‍ ആഹ്വാനം ചെയ്യുന്നു. സഹായിക്കാന്‍ മനസുള്ളവര്‍ ആ പണം സുരയെ ഏല്‍പ്പിച്ചാല്‍ അതിനുള്ള കപ്പ അര്‍ഹതപ്പെട്ടവര്‍ക്ക് സുര തന്നെ വീട്ടിലെത്തിച്ചു നല്‍കും.
3500 മൂടോളം കപ്പയാണ് അദ്ദേഹത്തിന്റെ കൃഷി സ്ഥലത് ഇനി അവശേഷിക്കുന്നത്. 100 രൂപയ്ക്ക് 6 കിലോ എന്നതാണ് നിലവില്‍ കപ്പയുടെ മാര്‍ക്കറ്റ് വില. ആര്‍ക്കും 100 രൂപ മുതല്‍ സ്പോണ്‍സര്‍ ചെയ്യാം. അത് നിങ്ങള്‍ പറയുന്ന ആളുകള്‍ക്കോ അല്ലെങ്കില്‍ അര്‍ഹരായ മറ്റുള്ളവര്‍ക്കോ ഉത്തരവാദിത്തത്തോടെ എത്തിച്ചു കൊടുക്കുമെന്ന് ഇവര്‍ ഉറപ്പ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും സ്‌പോണ്‍സര്‍ ചെയ്യാനും താഴെയുള്ള നമ്പറുകളില്‍ ബന്ധപ്പെടാം. പ്രസാദ്: +91 8590181029, രജനീഷ് : +91 9847897879, അഖില്‍: +91 79-02410863 കണ്ണന്‍: +91 96565 60563.