തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കമായി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. പ്രോടെം സ്പീക്കര്‍ പി.ടി.എ റഹീം ആണ് എം.എല്‍.എമാര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളെ ക്ഷണിക്കുന്നത്. ആദ്യം വള്ളിക്കുന്ന് എംഎല്‍എ പി അബ്ദുള്‍ ഹമീദാണ് സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യദിവസം സത്യപ്രതിജ്ഞ മാത്രമേയുള്ളൂ. കൊവിഡ് ബാധയും ക്വാറന്റൈനും മൂലം ചില അംഗങ്ങള്‍ക്ക് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാവില്ല. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് നടക്കും. ഇടതു മുന്നണി എം.ബി രാജേഷിനെയാണ് സ്പീക്കറായി തീരുമാനിച്ചിട്ടുള്ളത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് 28ന് രാവിലെ രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തും. 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച.
ജൂണ്‍ നാലിന് 2021-22 സാമ്പത്തിക വര്‍ഷത്തക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ട് സമര്‍പ്പണവും. ഏഴുമുതല്‍ ഒന്പതുവരെ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച. 10 ന് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും. 14ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ രണ്ടുവരെ 2021 ലെ കേരളാ ധനവിനിയോഗബില്‍ പാസാക്കി ഒന്നാം സമ്മേളനം അവസാനിക്കും.