വുഹാന്‍ സന്ദര്‍ശിക്കണമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍; അനുമതി നല്‍കാതെ ചൈനബെയ്ജിങ്: കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനുള്ള അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ ആവശ്യം ചൈന തള്ളി. അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ സംഘത്തിന് ചൈനയില്‍ ഒരിടത്തും സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ബെയ്ജിങ് വ്യക്തമാക്കി.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഫോക്‌സ് ന്യൂസിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ചൈന കൊറോണ വൈറസ് വ്യാപനത്തിന്റെ കാര്യത്തില്‍ സുതാര്യത ഉറപ്പാക്കണമെന്ന് പോംപിയോ ആവര്‍ത്തിച്ചു. ചൈനയില്‍ നിന്നാണ് വൈറസ് വ്യാപനം തുടങ്ങിയതെന്ന് നമുക്കെല്ലാം അറിയാം.
ലോകം മുഴുവന്‍ ഇന്ന് മഹാമാരിയുടെ പിടിയിലാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ ചൈനയുടെ സഹകരണം ലഭിക്കുന്നില്ല. സുതാര്യത ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ലോകാരോഗ്യ സംഘടനയ്ക്കുണ്ട്. എന്നാല്‍ അവര്‍ ഉത്തരവാദിത്വം നിറവേറ്റുന്നില്ല. ലോകാരോഗ്യ സംഘടയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറ്റുരാജ്യങ്ങളും മനസിലാക്കി തുടങ്ങിയെന്നും മൈക്ക് പോംപിയോ പറഞ്ഞു.
വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലനാര്‍ഥിയാണ് നോവല്‍ കൊറോണ വൈറസിനെ അബദ്ധത്തില്‍ പുറംലോകത്ത് എത്തിച്ചതെന്ന് അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പരിശീലനാര്‍ഥിക്കും സുഹൃത്തിനും ആദ്യം വൈറസ് ബാധിക്കുകയും അവരില്‍നിന്ന് വൈറസ് വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ എത്തുകയും ചെയ്തുവെന്നാണ് പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തത്. വുഹാനിലെ വെറ്റ് മാര്‍ക്കറ്റാണ് വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന വെളിപ്പെടുത്തല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഫോക്‌സ് ന്യൂസ് ആരോപിച്ചിരുന്നു.