കോട്ടയം:കേരളാ കോൺഗ്രസ് മാണി വിഭാഗം പാർലമെൻററി പാർട്ടി നേതാവായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു. എൻ ജയരാജാണ് ഡെപ്യൂട്ടി ലീഡർ. ജോബ് മൈക്കലിനെ പാർട്ടി ചീഫ് വിപ്പ് ആയും തെരഞ്ഞെടുത്തു.
പാർട്ടിയുടെ ഉന്നതാധികാര സമിതി തിരുവനന്തപുരത്ത് യോഗം ചേർന്നാണ് തീരുമാനമെടുത്തത്. രണ്ട് മന്ത്രി സ്ഥാനമെന്ന തീരുമാനത്തിലുറച്ച് നിൽക്കുകയാണ് കേരളാ കോൺഗ്രസ്.
അഞ്ച് എംഎൽഎമാരുള്ള പാര്‍ട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യം. ഒരു മന്ത്രിസ്ഥാനമേ നൽകാനാവൂ എന്ന നിലപാടിലാണ് സിപിഎം. ഒരു എംഎല്‍എയുള്ള പാര്‍ട്ടിക്കും അഞ്ച് എംഎല്‍എമാരുള്ള പാര്‍ട്ടിക്കും ഒരേ പരിഗണന സ്വീകാര്യമല്ലെന്നാണ് കേരളാ കോണ്‍ഗ്രസിൽ ഉയരുന്ന അഭിപ്രായം.
ക്രൈസ്തവ സ്വാധീനമുള്ള പാര്‍ട്ടി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായി ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് സിപിഎമ്മിന് താല്‍പ്പര്യം. എംഎല്‍എമാരില്‍ സീനീയറും റോഷി അഗസ്റ്റിനാണ്. പക്ഷേ കോട്ടയം കേന്ദ്രീകൃതമായ കേരളാ കോണ്‍ഗ്രസിന് ജില്ലയില്‍ നിന്നൊരു മന്ത്രിയില്ലെങ്കില്‍ പാര്‍ട്ടിയുടെ അടിത്തറയെ ബാധിക്കുമെന്ന് ഒരു വിഭാഗം വാദിക്കുന്നു.
അഞ്ചോ അതില്‍ കൂടുതലോ എംഎല്‍എമാരുണ്ടെങ്കില്‍ രണ്ട് മന്ത്രി സ്ഥാനം എന്നാണ് എല്‍ഡിഎഫിലേക്ക് എത്തുമ്പോഴുള്ള ധാരണ. ഒരു മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവയിലൊന്നോ കേരളാ കോണ്‍ഗ്രസിന് നല്‍കാനും സിപിഎം ആലോചിക്കുന്നതായാണ് വിവരം. മന്ത്രിസ്ഥാനം സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം.