കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് നിരീക്ഷണത്തിന് എത്തിയ കേന്ദ്ര സംഘത്തെ ബഹിഷ്‌കരിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മമതയുടെ നീക്കം. കേന്ദ്ര സംഘത്തെ അവര്‍ ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് പുറത്തിറക്കാന്‍ പോലും അനുവദിച്ചിട്ടില്ല.സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണ് കേന്ദ്രസംഘം വന്നതെന്നാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് എന്തിന് നിരീക്ഷണം നടത്തുന്നു എന്ന് വ്യക്തമാക്കാതെ അനുമതി നല്‍കില്ലെന്ന നിലപാടിലാണ് മമത.
സംസ്ഥാനത്തെ ചില ജില്ലകളില്‍ പരിശോധന നടത്താന്‍ എത്തിയ സംഘം എന്തുകൊണ്ടാണ് കൊവിഡ് കേസുകളും ഹോട്ട് സ്‌പോട്ടുകളും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ പരിശോധന നടത്താത്തതെന്നും പാര്‍ട്ടി ചോദിച്ചു. കേന്ദ്ര സംഘം ബംഗാളില്‍ എത്തി മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് സംസ്ഥാന സര്‍ക്കാരിനെ വിവരം അറിയിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്ന് തൃണമുല്‍ എം.പിമാരായ ഡെറക് ഒബ്രിയാന്‍, സുദീപ് ബന്ദോപാധ്യായ എന്നിവര്‍ പറഞ്ഞു.