കിം ജോങ് ഉന്‍ മരിച്ചിട്ടില്ല,ആരോഗ്യനില വീണ്ടെടുത്തെന്ന് ദക്ഷിണ കൊറിയയും ചൈനയും
സോള്‍ : ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് പ്രചരിക്കുന്ന വാര്‍ത്തകള ദക്ഷിണ കൊറിയയും ചൈനയും തള്ളി. ഏപ്രില്‍ 12ന് കിമ്മിനെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തുടര്‍ന്നു കിം അതീവ ഗുരുതര നിലയിലായി എന്നാണു സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, സോളിലെ ഡെയ്ലി എന്‍കെ എന്ന വെബ്സൈറ്റില്‍, 36കാരനായ കിം ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനില വീണ്ടെടുത്തെന്നാണു പറയുന്നത്.
കിമ്മിന്റെ ആരോഗ്യനില യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണു സിഎന്‍എന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ദക്ഷിണ കൊറിയന്‍ സര്‍ക്കാരിലെ രണ്ടുപേര്‍ വാര്‍ത്ത നിഷേധിച്ചു. അസാധാരണമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നു പ്രസിഡന്റിന്റെ ബ്ലു ഹൗസും അറിയിച്ചു. കിം ഗുരുതരാവസ്ഥയില്‍ അല്ലെന്നാണു ചൈനയുടെയും നിലപാട്. കിമ്മിനു ഗുരുതരമായ പ്രശ്‌നമുള്ളതായി വിശ്വസിക്കുന്നില്ലെന്ന് ഉത്തര കൊറിയയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്റര്‍നാഷനല്‍ ലൈസണ്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കി.
ഏപ്രില്‍ 12ന് ആണ് കിമ്മിനെ ആശുപത്രിയിലാക്കിയതെന്നു ഡെയ്ലി എന്‍കെ പറയുന്നു. ഹൃദയവുമായി ബന്ധിക്കുന്ന രക്തക്കുഴലുകള്‍ക്കു വീക്കം സംഭവിച്ചതിനാല്‍ ആരോഗ്യപ്രശ്‌നം നേരിട്ടിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും കഠിനാധ്വാനവുമാണു കിമ്മിനെ കുഴപ്പിച്ചത്. ശസ്ത്രക്രിയയെത്തുടര്‍ന്നു മൗണ്ട് കുംഗാങ്ങിലെ വില്ലയിലാണു കിം കഴിയുന്നത്. ഇവിടെയാണു ബാക്കി ചികിത്സകള്‍. ‘കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അദ്ദേഹം ഹൃദയ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്‌നം നേരിടുന്നു. ഇടയ്ക്കിടെ പംക്തു പര്‍വതം സന്ദര്‍ശിച്ചതിനു ശേഷമാണ് ആരോഗ്യം മോശമായത്’- പേരു വെളിപ്പെടുത്ത ഒരാളെ ഉദ്ധരിച്ചു ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തു
ഉത്തര കൊറിയ മഹനീയമായി കരുതുന്നതാണു ചൈനയോടു ചേര്‍ന്നുള്ള പംക്തു പര്‍വതം. നിര്‍ണായക തീരുമാനങ്ങള്‍ക്കു മുമ്പ് ഭരണാധികാരികള്‍ ഇവിടെ സന്ദര്‍ശിക്കാറുണ്ട്. ഒക്ടോബറിലും ഡിസംബറിലും കിം ഇവിടെ സന്ദര്‍ശിച്ചിരുന്നു. സിഎന്‍എന്‍ റിപ്പോര്‍ട്ടിനെ യുഎസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ചോദ്യം ചെയ്തു. യുഎസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അവഗാഹമുള്ളയാണ് ഈ ഉദ്യോഗസ്ഥനെന്ന് റോയിറ്റേഴ്‌സ് പറയുന്നു. ‘കിമ്മിനെ കുറിച്ചുള്ള അതീവപ്രധാന വിവരങ്ങള്‍ വളരെ സൂക്ഷിച്ചാണു യുഎസ് കൈകാര്യം ചെയ്യുക. യാതൊരു കാരണവശാലും മാധ്യമങ്ങള്‍ക്കു ചോര്‍ന്നുകിട്ടില്ല’- കൊറിയന്‍ കാര്യങ്ങളില്‍ സ്പഷലൈസ് ചെയ്ത യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.