ലുധിയാന: കല്ല്യാണം കഴിക്കാന്‍ ഒരാഴ്ച രാവും പകലും 850 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ യുവാവിന് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. സോനു കുമാര്‍ എന്ന ഇരുപത്തിനാലുകാരനാണ് ഒരാഴ്ച രാവും പകലുമില്ലാതെ സൈക്കിള്‍ ചവിട്ടി ഒരുവില്‍ ക്വാറന്റൈനിലായത്.
ഏപ്രില്‍ 15-ന് നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര്‍പ്രദേശിലെ ഒരു ജില്ലയിലാണ് സോനുവിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പൊതുഗതാഗത സംവിധാനങ്ങളില്ല. ഇതേതുടര്‍ന്നു വിവാഹത്തിനായി നേരത്തെ എത്താന്‍ പഞ്ചാബിലെ ലുധിയാനയില്‍നിന്ന് സോനുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് സൈക്കിള്‍ സവാരി ആരംഭിച്ചു. ഒരാഴ്ച രാവും പകലുമില്ലാതെ ഇവര്‍ സൈക്കിള്‍ ചവിട്ടി.
ഒടുവില്‍ ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍വച്ച് ഞായറാഴ്ച രാത്രി ഇവര്‍ പിടിയിലായി. പിടിയിലാകും മുമ്പ് 850 കിലോമീറ്റര്‍ ഇവര്‍ സൈക്കിളില്‍ പിന്നിട്ടിരുന്നു. വീടിന് 150 കിലോമീറ്റര്‍ അകലെവച്ചാണ് ഇവര്‍ പിടിയിലാകുന്നത്. ഇവരെ ഉടന്‍തന്നെ പരിശോധനകള്‍ക്കു ശേഷം ക്വാറന്റൈന്‍ സെന്ററിലേക്കു മാറ്റി.
വിവാഹത്തിനായാണ് പോകുന്നതെന്നു പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ലെന്നു സോനു പറയുന്നു. മഹാരാജ്ഗഞ്ച് ജില്ലയിലെ പിപ്ര റസുല്‍പുര്‍ സ്വദേശിയാണു സോനു. ലുധിയാനയിലെ ഒരു ഫാക്ടറിയിലാണ് സോനുവും കൂട്ടുകാരും ജോലി ചെയ്തിരുന്നത്.