മംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് എം.ബി.എ വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് സുഹൃത്തായ സുശാന്ത് കുത്തി വീഴ്ത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ 12 കുത്തുകളേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആക്രമണത്തെ തുടര്‍ന്ന് സുശാന്തിനെ നാട്ടുകാര്‍ തടഞ്ഞു. ഇതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സുശാന്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം കോളേജില്‍ നിന്ന് മടങ്ങുന്നതിനിടെ ബാഗമ്പള്ളിയില്‍ യുവതിയുടെ വീടിന് സമീപത്തു വെച്ചാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്കൂട്ടറിലെത്തിയ സുശാന്ത് പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി കത്തി കൊണ്ട് കുത്തുകയായിരുന്നു. പെണ്‍കുട്ടിയോട് സുശാന്ത് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നെന്നും ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നുമാണ് പോലീസ് പറയുന്നത്.