ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്തെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സൗജന്യമായി പരിധിയില്ലാതെ കോളും ഡാറ്റയും നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ മനോഹര്‍ പ്രതാപ് ആണ് ഹര്‍ജിയുമായി സുപ്രീം കോടിതിയെ സമീപിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണ്‍ ജനങ്ങളില്‍ വലിയ മാനസിക സമ്മര്‍ദം ഉണ്ടാക്കുന്നുണ്ടെന്നും ഇതു കുറയ്ക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം. ഡിടിഎച്ച് സര്‍വീസുകള്‍ സൗജന്യമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ടെലികോം കോളുകളും ഡാറ്റയും പൂര്‍ണമായും സൗജന്യമാക്കുന്നതിനു നിര്‍ദേശം നല്‍കണം. ഡിടിഎച്ച് സര്‍വീസുകളും സൗജന്യമാക്കണം. അതിനായി ലൈസന്‍സ് എഗ്രിമെന്റിലെ പ്രസക്ത നിബന്ധനകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാരിനും ട്രായിക്കും നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.