കൊല്‍ക്കത്ത: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപുരില്‍ വച്ചാണ് സംഭവം. ബിജെപി-തൃണമൂല്‍ സംഘര്‍ഷമുണ്ടായ മേഖലയില്‍ സന്ദര്‍ശനം നടത്താന്‍ പോകവെയാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.
തന്റെ ഡ്രൈവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി വി. മുരളീധരന്‍ പറഞ്ഞു. തൃണമൂല്‍ ഗുണ്ടകളാണ് അക്രമം അഴിച്ചുവിട്ടത്. കാറിന്റെ ചില്ല് അവര്‍ അടിച്ചു തകര്‍ത്തു. പോലീസ് സാന്നിധ്യത്തിലാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം നടന്നതെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം ബംഗാളിലെ സംഘര്‍ഷ വിഷയത്തില്‍ സംസ്ഥാനം ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തെ കേന്ദ്രം നേരിട്ട് പ്രത്യേക സംഘത്തെ നിയോഗിച്ചു. സംസ്ഥാനത്ത് എത്തിയ നാലംഗ ആഭ്യന്തര മന്ത്രാലയ സംഘം സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കും. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം നേരിട്ട് ബോധ്യപ്പെടുകയാണ് സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം.
ബംഗാള്‍ പൊലീസില്‍ അഴിച്ച് പണി നടന്നിരുന്നു. 29 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇപ്രകാരം സ്ഥലം മാറ്റം ഉണ്ടാകും. കൂച്ച് ബെഹാര്‍ എസ് പി ദേബാഷിഷ് ധറിനെയും മമത ഇന്ന് സസ്‌പെന്‍ഡ് ചെയ്തു. എപ്രില്‍ 10 ന് സീതാല്‍ കുച്ചി നിയമസഭാ മണ്ഡലത്തില്‍ വെടിവയ്പ് ഉണ്ടായതുമായി ബന്ധപ്പെട്ടാണ് നടപടി.