ന്യൂഡല്‍ഹി:കൊവിഡ് മഹാമാരിയിലും കൊള്ള ലാഭം കൊയ്യുന്ന സ്വകാര്യ സ്‌കൂളുകള്‍ക്കെതിരേ സുപ്രിംകോടതി. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി മാത്രം തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു.
കാംപസുകളില്‍ നല്‍കുന്ന പല സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫീസ് കുറക്കണമെന്നാണ് കോടതി നിര്‍ദേശിക്കുന്നത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
സ്‌കൂള്‍ ഫീസ് നിയന്ത്രിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് സ്വകാര്യ സ്‌കൂളുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. 2020-21 വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഇതിനാല്‍ ഇലക്ട്രിസിറ്റി, വാട്ടര്‍ ചാര്‍ജ്, സ്റ്റേഷനറി ചാര്‍ജ്, മേല്‍നോട്ടത്തിനുള്ള ചാര്‍ജ് എന്നീ വകയില്‍ മാനേജ്മെന്റുകള്‍ക്ക് ചെലവ് കുറയാനും ഇടയായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെയോ മാറ്റാരാളുടെയോ തെറ്റ് മൂലമല്ലാതെ സംഭവിച്ച ലോക്ഡൗണിന്റെ ഭാരം അവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.