കൊച്ചി: ബന്ധു നിയമനക്കേസില്‍ മുന്‍മന്ത്രി കെടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഉത്തരവില്‍ വീഴ്ചയില്ലെന്നും ഹൈക്കോടതി അറിയിച്ചു.
ഡിവിഷന്‍ ബെഞ്ചിന്റെതാണ് കോടതി ഉത്തരവ്. തന്റെ ഭാഗമോ രേഖകളോ പരിഗണിക്കാതെയാണ് ലോകായുക്ത ഉത്തരവ് ഇറക്കിയതെന്നായിരുന്നു കെ ടി ജലീലിന്റെ വാദം. പ്രാഥമിക അന്വേഷണം പോലും നടത്താതെ ലോകായുക്ത അന്തിമ വിധി പുറപ്പെടുവിച്ചുവെന്നും കെടി ജലീല്‍ പറഞ്ഞിരുന്നു.
കേസില്‍ കെടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ നേരത്തെ തന്നെ ലോകായുക്തയ്ക്ക് പരാതി പോയിരുന്നു. തുടര്‍ന്ന് ലോകായുക്ത അന്വേഷണം നടത്തുകയും നിരവധി സ്റ്റിംഗുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകായുക്ത മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.
സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. മലപ്പുറം സ്വദേശിയായ വി കെ മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലായിരുന്നു വിധി.
അതേസമയം ഹൈക്കോടതികളില്‍ താത്കാലിക ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രിംകോടതിയുടെ അനുമതി ലഭിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാരെ, അഡ്‌ഹോക് ജഡ്ജിമാരായി നിയമിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് നടപടി സ്വീകരിക്കാം. കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഗണിക്കാനാണ് ഇടക്കാല സംവിധാനമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 224എ പ്രയോഗിക്കാന്‍ അനുമതി നല്‍കുന്നത് രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തിലെ അസാധാരണ നടപടിയായി.
രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതിയോടെ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാരെ, താല്‍ക്കാലിക ജഡ്ജിമാരായി നിയമിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അധികാരം നല്‍കുന്നതാണ് ഭരണഘടനയുടെ 224എ അനുച്ഛേദം. രാജ്യത്തെ ജുഡിഷ്യറിയുടെ ചരിത്രത്തില്‍ അപൂര്‍വമായി മാത്രമാണ് ഈ അനുച്ഛേദം പ്രയോഗിച്ചിട്ടുള്ളത്. ലോക് പ്രഹാരി സംഘടന നല്‍കിയ പൊതുതാത്പര്യഹര്‍ജി പരിഗണിച്ചുക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അഡ് ഹോക് ജഡ്ജിമാരുടെ നിയമനത്തിന് അനുമതി നല്‍കിയത്.
ഹൈക്കോടതിയില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ക്രിമിനല്‍, സിവില്‍, കോര്‍പറേറ്റ് കേസുകളില്‍ താല്‍ക്കാലിക ജഡ്ജിമാര്‍ക്ക് തീരുമാനമെടുക്കാം. അഡ്ഹോക് ജഡ്ജിമാരുടെ നിയമനം സ്ഥിരനിയമനത്തിന് പകരമല്ല. ഹൈക്കോടതിയിലെ ഭരണനിര്‍വഹണത്തില്‍ ഇവര്‍ക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പൊതുതാല്‍പര്യഹര്‍ജി നാല് മാസത്തിന് ശേഷം വീണ്ടും പരിഗണിക്കും. നിയമനവുമായി ബന്ധപ്പെട്ട പുരോഗതി വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ അന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.