വൈഗയ്ക്ക് മദ്യം നല്‍കിയിട്ടില്ലെന്ന് സനു; പിന്നെ എങ്ങനെ രക്തത്തില്‍ മദ്യത്തിന്റെ അംശം വന്നു?

കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ (13) രക്തത്തില്‍ മദ്യത്തിന്റെ അംശം വന്നതിന്റെ കാരണം തേടി പോലീസ്. മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്നാണ് സനു മോഹന്‍ ആവര്‍ത്തിച്ചു പറയുന്നത്. ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളൊന്നും ലഭിച്ചിരിന്നുമില്ല.

പരസ്പരവിരുദ്ധമായി മൊഴി നല്‍കുന്നതിനാല്‍ മദ്യം നല്‍കിയിട്ടില്ലെന്ന സനുവിന്റെ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കുട്ടിയെ മദ്യം നല്‍കി ബോധരഹിതയാക്കാനുള്ള സാധ്യതയാണ് അന്വേഷണ സംഘം മുന്നില്‍ കാണുന്നത്.

കാക്കനാട് കെമിക്കല്‍ ലാബില്‍ നടത്തിയ രാസപരിശോധനയിലാണ് വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. രക്തത്തില്‍ 80 ശതനമാനമായിരുന്നു ആല്‍ക്കഹോള്‍ അനുപാതം. കുട്ടിക്ക് ഏതു രൂപത്തില്‍ എപ്പോള്‍ നല്‍കി എന്നീ കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് ഏതെങ്കിലും പാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കിയോ എന്ന കാര്യവും അബോധാവസ്ഥയിലായത് മദ്യം നല്‍കിയതുകൊണ്ടാണോയെന്നും പോലീസ് സംശയിക്കുന്നു.

ചോദ്യം ചെയ്യലില്‍ മദ്യം നല്‍കിയിട്ടില്ലെന്ന നിലപാടില്‍ സനു ഉറച്ചു നില്‍ക്കുന്നതിനാല്‍ എങ്ങിനെ കുട്ടിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം വന്നു എന്നതു സംബന്ധിച്ച് പോലീസ് വിശദമായ പരിശോധന നടത്തുകയാണ്. സനുവിനെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ ഇതില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

അതേസമയം സനു മോഹനുമായി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ ആലുവ കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കൊല നടത്തിയ രീതി പ്രതി പോലീസിന് കാണിച്ചുകൊടുത്തു. കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ് പുഴയില്‍ എറിഞ്ഞ ഭാഗത്താകും പ്രതിയെ എത്തിച്ച് തെളിവെടുക്കും. വരും ദിവസങ്ങളില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലും ഗോവയിലുമടക്കം തെളിവെടുപ്പിനായി അന്വേഷണ സംഘം കൊണ്ടുപോകും.

തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ സനുവിനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. മൂന്ന് കോടിയിലധികം രൂപയുടെ കടബാധ്യതയെ തുടര്‍ന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് ഇയാളുടെ ആവര്‍ത്തിച്ചുള്ള വിശദീകരണം.

വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലച്ചപ്പോള്‍ എടുത്ത് കാറില്‍ കൊണ്ടുപോയി മുട്ടാര്‍ പുഴയില്‍ താഴ്ത്തിയെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഭയംമൂലം താന്‍ ആത്മഹത്യയില്‍ നിന്ന് പിന്തിരിഞ്ഞുവെന്നും പിന്നീട് നാടുവിടുകയായിരുന്നുവെന്നും പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News