തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ‘ബീഹാറിലെ റോബിൻഹുഡ്’ എന്നറിയപ്പെടുന്ന ഇർഫാനാണ് മോഷണം നടത്തിയതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആന്ധ്രാ പോലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വിഷു ദിനത്തിലാണ് ഭീമ ജ്വല്ലറി ഉടമയായ ഡോ. ബി. ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടിൽ മോഷണം നടന്നത്. മൂന്നു ലക്ഷം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60,000 രൂപയുമാണ് മോഷണം പോയത്. വൻ സുരക്ഷാ സന്നാഹങ്ങൾ മറി കടന്നായിരുന്നു മോഷണമെന്നത് അന്വേഷണ സംഘത്തെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ വീടിനു പിന്നിലുള്ള കോറിഡോർ വഴിയാണ് മോഷ്ടാവ് അകത്ത് കയറിയതെന്ന് വ്യക്തമായിരുന്നു. തുറക്കാൻ കഴിയുമായിരുന്ന ജനൽ പാളിയിലൂടെ മോഷ്ടാവ് അകത്തു കയറുകയായിരുന്നു. പുലർച്ചെ ഒന്നരയ്ക്കും മൂന്നിനും ഇടയിൽ ആയിരുന്നു സംഭവം. ജ്വല്ലറി ജീവനക്കാരെയും മുൻ ജീവനക്കാരെയും വീട്ടിൽ ജോലി ചെയ്യുന്നവരെയുമെല്ലാം പോലീസ് ചോദ്യം ചെയ്തിരുന്നു. വലത് കൈയിൽ ടാറ്റൂ പതിച്ച മോഷ്ടാവിന്റെ ചിത്രങ്ങൾ പോലീസ് പുറത്തുവിടുകയും ചെയ്തിരുന്നു.
സമ്പന്നരെ കൊള്ളയടിച്ച് സാമൂഹ്യപ്രവര്‍ത്തനം; ബീഹാറിലെ ‘റോബിന്‍ഹുഡ്’ നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍
ബീഹാറിലെ സ്വന്തം ഗ്രാമവാസികള്‍ക്ക് ഇര്‍ഫാന്‍ സ്‌നേഹനിധിയായ സാമൂഹ്യപ്രവര്‍ത്തകനാണ്. പാവങ്ങളെ കൈയ്യയച്ച് സഹായിക്കുന്ന ഹീറോ. നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുന്നു, ആരോഗ്യ ക്യാംപുകള്‍ സംഘടിപ്പിക്കുന്നു, അന്നദാനം നടത്തുന്നു. ഇങ്ങനെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നീളുന്നു.
ഇര്‍ഫാനെ പുര്‍പൂരിയില്‍ നിന്ന് നാലു വർഷം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഗ്രാമവാസികള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞത്. ഇര്‍ഫാന്‍ മോഷ്ടാവാണ്. വെറും മോഷ്ടാവല്ല, സമ്പന്നരുടെ വസ്തുക്കള്‍ മാത്രം അപഹരിക്കുന്ന ഹൈ ക്ലാസ് മോഷ്ടാവ്. ഈ മോഷണ വസ്തുക്കള്‍ വിറ്റു കിട്ടുന്ന പണം കൊണ്ടായിരുന്നു ഇര്‍ഫാന്റെ സാമൂഹ്യ പ്രവര്‍ത്തനം.
ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു ഇര്‍ഫാന്റെ പ്രവര്‍ത്തനം. വിലകൂടിയ ആഡംബര വാഹനങ്ങളും വാച്ചുകളും ഇയാളുടെ ഹരമാണ്. ഡല്‍ഹിയില്‍ മാത്രം ഇര്‍ഫാന്‍ നടത്തിയത് 12 കൊള്ളകളാണ്. പിടികൂടുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും മോഷ്ടിച്ച വിലകൂടിയ റോളക്‌സ് വാച്ച് ഇയാളുടെ കൈയ്യിലുണ്ടായിരുന്നു. മോഷ്ടിച്ച വസ്തുക്കള്‍ വിറ്റു കിട്ടിയ പണം കൊണ്ട് ഇര്‍ഫാന്‍ പുതിയ ഹോണ്ട സിവിക് കാര്‍ വാങ്ങിയിരുന്നു.
അഞ്ചാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ ഇര്‍ഫാനെ നാട്ടുകാര്‍ ‘ഉജാല ബാബു’ എന്നാണ് ബഹുമാന പൂര്‍വ്വം വിളിച്ചിരുന്നത്.ജോലി തേടി ഡല്‍ഹിക്ക് പോയ ഇര്‍ഫാന്‍ തിരിച്ചു വന്നത് സമ്പന്നനായി ആയിരുന്നു. പിന്നീടാണ് സേവന പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്. ഡല്‍ഹിയിലെയും മുംബൈയിലെയും ബാറുകളിലും ക്ലബ്ബുകളിലും പതിവുകാരനാണ് ഇയാള്‍ .ഒരിക്കല്‍ തനിക്ക് ഇഷ്ടപ്പെട്ട പാട്ട് ബാറില്‍ പാടുന്നതിനായി മാനേജര്‍ക്ക് പതിനായിരം രൂപയാണ് ടിപ്പ് നല്‍കിയത്.
നാട്ടുകാരെ മാത്രമായിരുന്നില്ല ഇര്‍ഫാന്‍ കബളിപ്പിച്ചത്. തന്റെ കാമുകിക്കു മുന്‍പിലും മാന്യനും സമ്പന്നനുമായ യുവാവായിരുന്നു ഇയാള്‍. ഭോജ്പുരി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള യുവതിയാണ് ഇര്‍ഫാന്റെ കാമുകി. ബീഹാറിലെ ഗ്രാമവാസികളെ വളരെ പാടുപെട്ടാണ് ഇര്‍ഫാന്‍ മോഷ്ടാവാണെന്ന് പൊലീസ് ബോധിപ്പിച്ചത്. ന്യൂ ഫ്രണ്ട്‌സ് കോളനിയിലും ലജ്പത് നഗറിലും ഇര്‍ഫാന്‍ നടത്തിയ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാട്ടിയതോടെയാണ് നാട്ടകാര്‍ വിശ്വസിച്ചതത്രേ.