തിരുവനന്തപുരം: കൊവിഡിന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സജ്ജമാകുന്ന സന്നദ്ധ സേനയില്‍ ഒറ്റ ദിവസം കൊണ്ട് അംഗങ്ങളായത് 5000ല്‍ അധികം പേര്. സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ അംഗങ്ങളാകാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, പൂര്‍ണിമാ ഇന്ദ്രജിത്ത് എന്നിവരടക്കമുള്ള സിനിമാ താരങ്ങളാണ് രോഗികള്‍ക്ക് കൂട്ടിരിപ്പിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്.
1465 പേര് കൂട്ടിരിപ്പുകാര്‍ ആകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ 3000ല്‍ അധികം പേരാണ് മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താത്പര്യം പ്രകടിപ്പിച്ചെത്തിയത്. പേര് രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക മന്ത്രി ഇ പി ജയരാജന് യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം കൈമാറി. കൂട്ടിരിപ്പിന് തയാറായവരുടെ പട്ടിക ആരോഗ്യ വകുപ്പിന് കൈമാറുമെന്നും മറ്റുള്ളവരുടെ പട്ടിക സന്നദ്ധ പ്രവര്‍ത്തന ചുമതലയുള്ള തദ്ദേശ ഭരണ വകുപ്പിന് നല്‍കുമെന്നും മന്ത്രി.
സിനിമാ താരങ്ങളെ കൂടാതെ സംവിധായകന് മേജര്‍ രവി, അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപി എന്നിവര്‍ കൂട്ടിരിപ്പുകാരാവാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. യൂത്ത് ഡിഫന്‍സ് ഫോഴ്സിലേക്ക് രജിസ്ട്രേഷന് ഇനിയും നടത്താവുന്നതാണ്. ഓണ്‍ലൈനായി sannadham.kerala.gov.in/registration എന്ന വെബ്സൈറ്റ് ലിങ്കില്‍ കയറി പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086987262, 9288559285, 9061304080.