കോഴിക്കോട്: കോഴിക്കോട് തുണിക്കട കത്തി നശിച്ചു. പറമ്പില്‍ ബസാര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ മമ്മാസ് ആന്‍ഡ് പപ്പാസ് തുണിക്കടയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച 1.40നാണ് തീപ്പിടുത്തമുണ്ടായത്.
പതിനാറ് മുറികളിലായുള്ള ഇരു നില കെട്ടിടത്തില്‍ വില്‍പനക്കായി സൂക്ഷിച്ച വിഷു ആഘോഷത്തിനുള്ള തുണിത്തരങ്ങള്‍ ഉള്‍പ്പെടെയാണ് കത്തി നശിച്ചത്. കോണാട്ട് റംസീന മന്‍സില്‍ നിജാസിന്റെ ഉടമസ്ഥതതയിലുള്ളതാണ് കെട്ടിടം. മൂന്ന് ദിവസം മുന്‍പാണ് ഉദ്ഘാടനം നടന്നത്.
ബുധനാഴ്ച രാത്രി പന്ത്രണ്ടു മണി വരെ കടയില്‍ ജോലിക്കാരുണ്ടായിരുന്നു. കടയടച്ച് പോയ ശേഷമായിരുന്നു സംഭവം. ഇരുനില കെട്ടിടത്തിന്റെ താഴെ നിലയില്‍ പൊട്ടിത്തെറിച്ചുള്ള തീപിടിത്തം സമീപത്തെ കടയിലെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കൂടാതെ ഒന്നര മണിയോടെ പിക്കപ് വാനിലെത്തിയ അജ്ഞാതരായ നാലു പേര്‍ കന്നാസില്‍ നിന്ന് എന്തോ ഒഴിക്കുന്നത് കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ് പത്തു മിനിറ്റിനു ശേഷമാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഒരു കോടി രൂപക്ക് മുകളില്‍ നഷ്ടം ഉണ്ടായതായി കടയുടമ പറയുന്നു.